രാജ്യ തലസ്ഥാനത്തെ കൊടും ക്രൂരത കാണാതെ മുഖ്യധാരാ മാധ്യമങ്ങള്‍

News Writers Blog

ഷംന വടക്കേതില്‍

രാജ്യ തലസ്ഥാനത്ത് ഒരു സ്ത്രീ ക്രൂരമായ കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് 10 ദിവസം കഴിഞ്ഞു. പക്ഷേ വിവരങ്ങള്‍ ഇപ്പോഴും മുഖ്യാധാരാ മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയിലും അധികമാരും അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞഭാവം നടിക്കുന്നില്ല.

ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ റാബിയ സെയ്ഫിയാണ് കൊല്ലപ്പെട്ടത്. അവരുടെ കഴുത്ത് പിളര്‍ക്കുകയും സ്തനങ്ങള്‍ മുറിച്ചു മാറ്റുകയും ജനനേന്ദ്രിയത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുട നീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. കൊലപാതകം ചെയ്തത് താനാണെന്ന് പറഞ്ഞ് നിസാമുദ്ദീന്‍ എന്നയാള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നു. റാബിയ തന്റെ ഭാര്യയാണെന്നും അവള്‍ക്ക് മറ്റു അവിഹിത ബന്ധങ്ങളുള്ളത് കൊണ്ടാണ് താന്‍ അവളെ കൊന്നതെന്നും മൊഴി നല്‍കുന്നു. എന്നാല്‍ റാബിയ വിവാഹിതയല്ലെന്നും ഇത് കേസ് വഴി തിരിച്ചു വിടാനുള്ള പോലീസിന്റെ നാടകമാണെന്നും കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവെന്നവകാശപ്പെട്ട് വന്ന നിസാമുദ്ദീനു ഇതു വരെ റാബിയയുമായുള്ള വിവാഹത്തിന്റെ യാതൊരു തെളിവുകളും ഹാജരാക്കാനും സാധിച്ചിട്ടില്ല.

മറ്റൊരു ഗുരുതരമായ ആരോപണം കൂടെ റാബിയയുടെ മരണത്തിനു പിന്നിലെ കാരണമായി ഉയര്‍ന്നു വരുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകള്‍ക്കറിയാമായിരുന്നു എന്ന് മകള്‍ പറഞ്ഞതായി റാബിയയുടെ പിതാവ് സമിദ് അഹമ്മദ് പറയുന്നു. ദിവസവും അഴിമതിപ്പണമായി 4 ലക്ഷം രൂപ വരെ അവിടെ വരാറുമുണ്ട്. ഈ വിവരം അറിയാവുന്ന റാബിയയെ വിവരം പുറത്തു പോവാതിരിക്കാന്‍ വേണ്ടി അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിതാവ് ആരോപിക്കുന്നത്.

അങ്ങനെയാണെങ്കില്‍ പല രഹസ്യങ്ങളും പുറത്തു വരാതിരിക്കാനായിരുന്നു റാബിയയുടെ കൊലപാതകം എന്ന് വ്യക്തമാണ്. കൊലപാതകിയെന്ന് പറഞ്ഞ് പോലീസില്‍ കീഴടങ്ങിയ ആള്‍ ഈ ഉന്നതര്‍ തയ്യാറാക്കിയ തിരക്കഥയിലെ അഭിനേതാവും. കാരണം നിസാമുദ്ദീനുമായുള്ള വിവാഹത്തെക്കുറിച്ച് യാതൊരു തെളിവുകളും ഇതു വരെ പോലീസിനു ലഭിച്ചിട്ടില്ല. എന്നിട്ടും പോലീസ് അയാളുടെ വാദങ്ങള്‍ കേന്ദ്രീകരിച്ച് തന്നെ അന്വേഷണവും നടത്തുന്നു. പോലീസിന്റെ അന്വേഷണം പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് ഉറച്ച ബോധ്യമുള്ളതു കൊണ്ടു തന്നെ റാബിയയുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

ക്രൂരമായ ലൈംഗിക പീഡനം, കൊലപാതകം, അഴിമതി എന്നിവ ഉള്‍പ്പെട്ടതാണ് ഈ കേസ്. റാബിയക്ക് നീതി ലഭിക്കണം. പക്ഷേ അവള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ അധികമാരും മുന്നോട്ടു വന്നിട്ടില്ല. അതു കൊണ്ടു തന്നെ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് ഇതിനു പിന്നിലുള്ളവരും വിചാരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു കൊലപാതകത്തിനുള്ള ധൈ്യരം കൂടിയാണ് ഈ കൊലയാളികള്‍ക്ക് ലഭിക്കുന്നത്. അത് നമ്മളുടെ ഓരോരുത്തരുടെയും പരാജയം കൂടിയാണ്.