യുക്രൈനിൽ നിന്ന് ഇതുവരെ ഇന്ത്യയിലേക്ക് എത്തിയത് 12,000 പേര്‍

India International Keralam News

ന്യൂഡൽഹി : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇതുവരെ 50 വിമാനങ്ങൾ വഴി 12,000 പേരെയാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ന് 16 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇന്നലെ നാലായിരം പേരാണ് നാട്ടിലെത്തിയത്.

ഇന്ന് പുലര്‍ച്ചെ എയര്‍ ഏഷ്യ വിമാനത്തില്‍ 170 പേരുടെ സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 18 വിമാനങ്ങളിലായി 4000 ഇന്ത്യക്കാരെ സ്വദേശത്ത് എത്തിച്ചു. ഇന്നലെ മാത്രം മൂന്നു വിമാനങ്ങളിലായി 513 മലയാളികളെ കേരളത്തില്‍ എത്തിച്ചതായി ഡല്‍ഹി കേരള ഹൗസ് അധികൃതര്‍ അറിയിച്ചു

സുമിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളോട് ഒപ്പമുണ്ടെന്നും,പരിഹാരം കണ്ടെത്താന്‍ ശ്രമം നടക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് മിനിസ്ട്രിക്ക് കൈമാറിയിട്ടുണ്ടെന്ന് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി മാധ്യമങ്ങളെ അറിയിച്ചു.