കര്‍ക്കിടകം ഒന്ന് രാമായണമാസാരംഭം

Keralam News Religion Writers Blog

രമ്യ ഗായത്രി

ശ്രീരാമ!രാമ രാമ!ശ്രീരാമ ഭദ്ര ജയ
ശ്രീരാമ!രാമ!രാമ!സീതാഭി രാമജയ
ശ്രീരാമ!രാമ!രാമ! ലോകഭിരാമ ജയ
ശ്രീരാമ! രാമ! രാമ! രാവണന്തക രാമ!

ഭക്തി ലഹരിയായി പെയ്തിറങ്ങുന്ന രാമായണ നാളുകള്‍ക്ക് നാളെ തുടക്കം. ഹൈന്ദവ വിശ്വാസപ്രകാരം വളരെ പുണ്യമായ മാസം. ദുഃഖങ്ങളും ദുരിതങ്ങളും ഏറുന്ന മാസമായതുകൊണ്ട് പഞ്ഞമാസം എന്നും പറയുന്നു. ഇതിനെ മറികടക്കാന്‍ വേണ്ടിയാണു പൂര്‍വികരുടെ കാലം മുതല്‍ രാമായണം പാരായണം ചെയ്തു വരുന്നത്.

   ഭക്തി, യുക്തി, വിഭക്തി എന്നിവയുടെ സംക്ഷിപ്തരൂപമായ രാമായണം ഇതിഹാസമെന്ന നിലയിലും  മഹത്തായതാണ്. ധര്‍മത്തിന്റെ പ്രാധാന്യം, അതെങ്ങനെ പാലിക്കണം, ധര്‍മം ചെയ്യാത്തവര്‍ക്കുണ്ടാവുന്ന പതനം എങ്ങിനെ ആയിരിക്കും എന്നൊക്കെ രാമായണത്തില്‍ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. രാജ്യവും , പദവിയും, സിംഹസനവും  എല്ലാം ഉപേക്ഷിച്ചു ധാര്‍മിക മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ട് ജീവിച്ച രാമലക്ഷ്മണന്മാരുടെ കഥ ധര്‍മസംരക്ഷണത്തെ കുറിച്ചുള്ള മഹത്തായ സന്ദേശം  ആണു നല്‍കുന്നത്.ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ആണു വത്മീകി മഹര്‍ഷി  ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചത് എന്ന് വിശ്വസിച്ചുപോരുന്നു. അദ്ധ്യാത്മ രാമായണത്തില്‍ ശ്രീരാമപട്ടാഭിഷേകം വരയെ രാമകഥയെ വര്‍ണിക്കുന്നുള്ളു. വത്മീകിരാമായണത്തിലും ഇതുപോലെ തന്നെ ആണു. എന്നാല്‍ വത്മീകി മഹര്‍ഷി തന്നെ രണ്ടാംഭാഗമായി രചിച്ച ഉത്തരരാമായണത്തില്‍ ശ്രീരാമപട്ടാഭിഷേകത്തിനു  ശേഷം ഉള്ള രാമകഥകള്‍ ആണു വരുന്നത്.

      നിത്യവും  ഭക്തിയോടെ രാമായണം പാരായണം ചെയ്യുന്നതിലൂടെ മനസും, ശരീരവും,ഭവനങ്ങളും, ചുറ്റുപാടും, ദേവാലയങ്ങളും എല്ലാം ശുദ്ധമാകുന്നു. പരിശുദ്ധമായ പീഠത്തിലോ ഉയര്‍ന്ന സ്ഥലത്തോ,രാമായണം വെച്ച ശേഷം ശ്രീരാമപട്ടാഭിഷേക ചിത്രത്തിന് മുന്നില്‍ വിളക്ക് തെളിച്ചു വടക്കോട്ടിരുന്നു അക്ഷരശുദ്ധിയോടെ, ഏകാഗ്രതയോടെ വേണം രാമായണം  പാരായണം  ചെയ്യാന്‍. 
  പ്രവര്‍ത്തിയുടെ പുണ്യവുമായി നന്മയുടെ വിളക്ക് തെളിയിക്കാനും, അതുവഴി എല്ലാവരിലും സന്തോഷവും സമാധാനവും നല്‍കി ജീവിത സമസ്യകള്‍ക്കുള്ള ഉത്തരം നല്‍കാനും ഈ രാമായണ മാസത്തിനു സാധിക്കട്ടെ....
ശ്രീരാമ!മമ ഹൃദി രമതാം രാമ! രാമ!

ശ്രീരാഘവാത്മ രാമ!ശ്രീരാമ!രമാപതെ!
ശ്രീരാമ!രമണീയ വിഗ്രഹ!നമോസ്തുതേ.