വില്പനക്കായി എത്തിച്ച 23 ലിറ്റർ വിദേശമദ്യവു മായി കിളിക്കല്ലിങ്ങൽ ഒരാൾ പോലീസ് പിടിയിൽ

Crime Local News

അരീക്കോട്: കിളിക്കല്ലിങ്ങൽ വില്പനക്കായി കൈവശം വെച്ച 23 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അരീക്കോട് പോലീസിന്റെ പിടിയിൽ. കിളിക്കല്ലിങ്ങളിൽ സ്വദേശി പറമ്പൻ ദാസൻ (53) നെയാണ് അരീക്കോട് എസ്.ഐ അബ്ദുൽ അസീസ് അറസ്റ്റ് ചെയ്തത്. അരീക്കോട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആനപ്പാറയിലെ റബ്ബർ തോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കൈവശം വെച്ചിരുന്ന മദ്യവുമായി പിടിയിലായത്. വില്പനക്കായി കൊണ്ടുപോവുകയായിരുന്ന 500 മില്ലി ലിറ്ററിന്റെ 46 കുപ്പികൾകൾ ചാക്കിൽ കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്. ഇത്രയും കൂടുതൽ മദ്യം പ്രതി വലിയ തുകക്ക് ചില്ലറ വില്പനക്കായി എത്തിച്ചതാണ് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ അരീക്കോട് പോലീസ് അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് തുടർനടപടികൾ പൂർത്തിയായാൽ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്ന് അരീക്കോട് എസ്.എച്ച്.ഒ എം അബ്ബാസ് അലി പറഞ്ഞു. അരീക്കോട് സ്റ്റേഷൻ പരിധിയിൽ ഈ അടുത്തകാലത്ത് പോലീസ് പിടികൂടുന്ന ഏറ്റവും വലിയ അനധികൃത മദ്യ വേട്ടയാണിത്. എസ്.ഐ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ വൈശാഖ്, മനു പ്രസാദ്, സതീഷ്, രാഹുലൻ, പ്രവീൺ, ബിജു എന്നിവ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.