പിറന്നാൾ ദിനത്തിലെ റെക്കോർഡ് വാക്സിനേഷനും, പിന്നീടുള്ള വാക്സിനേഷൻ കുറവും; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

Health India News

ഇന്ത്യയിലെ വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽഗാന്ധി. ‘പരിപാടി അവസാനിച്ചു’ എന്ന് തുടങ്ങിയ രാഹുൽ ഗാന്ധിയുടെ ട്വീറ്റിൽ മോദിയുടെ പിറന്നാൾ കഴിഞ്ഞപ്പോൾ വാക്സിൻ നൽകുന്നതിന്റെ വേഗതയും കുറഞ്ഞു എന്ന് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് നരേന്ദ്ര മോദിയുടെ പിറന്നാൾ ദിവസം റെക്കോർഡ് വാക്സിനേഷൻ ആയിരുന്നു രാജ്യത്ത് നടന്നിരുന്നത്. എന്നാൽ ഇതിനു ശേഷം വാക്സിനേഷന്റെ തോത് കുത്തനെ കുറഞ്ഞെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടിരിക്കുന്നത്. ഇത് തെളിയിക്കുന്ന ഗ്രാഫും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിൽ ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ വിതരണം ചെയ്‌തെന്ന നേട്ടം രാജ്യം നേടിയിരുന്നു. ചൈന കഴിഞ്ഞ ജൂണിൽ ഒരു ദിവസം 2.47 കോടി ആളുകൾക്ക് വാക്സിൻ നൽകിയെന്ന റെക്കോർഡ് കൂടെയായിരുന്നു ഇന്ത്യ മറികടന്നത്. ഈ നേട്ടത്തെ പരിഗണിച്ചെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ വാക്സിൻ വിതരണം ഉയരട്ടെയെന്നും രാഹുൽ ഗാന്ധി കുറിപ്പിൽ പറയുന്നുണ്ട്.