കൊറിയര്‍ വഴി മയക്കു മരുന്ന് : മൂന്ന് യുവാക്കളെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു

Crime Local News

മഞ്ചേരി: കൊറിയര്‍ മാര്‍ഗം എത്തിച്ച അരക്കിലോ എം.ഡി.എം.എയുമായി മൂന്ന് പേര്‍ ഇന്റലജന്‍സ് പിടിയില്‍. മലപ്പുറം കോണോംപാറ സ്വദേശി പുതുശ്ശേരി വീട്ടില്‍ റിയാസ് (31), മലപ്പുറം പട്ടര്‍കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ധീന്‍ (28) എന്നിവരെയാണ് എക്‌സൈസ് സംഘം മഞ്ചേരി തുറക്കലില്‍ നിന്നും പിടികൂടിയത്. എക്‌സൈസ് കമീഷനറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപ വിലവരുന്ന അരക്കിലോ എം.ഡി.എം.എ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് തുറക്കലിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍ നിശാന്തിന്റെ പേരിലാണ് പാര്‍സല്‍ എത്തിയത്. ഇത് കൈപ്പറ്റാന്‍ എത്തിയതായിരുന്നു മൂന്ന് പേരും. പീനട്ട് ബട്ടര്‍, ഫ്രൂട്ട് ജാം എന്നിവ മുകളില്‍ പാക്ക് ചെയ്ത നിലയിലായിരുന്നു പായ്ക്കിംഗ്. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസമായി പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. വൈകിട്ട് മൂന്നരയോടെ പാര്‍സല്‍ കൈപ്പറ്റി കാറില്‍ മലപ്പുറം ഭാഗത്തേക്ക് മടങ്ങാനിരിക്കെ കൊറിയര്‍ സ്ഥാപനത്തില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതി റിയാസാണ് മയക്കുമരുന്ന് എത്തിക്കാനുള്ള പണം മുടക്കുന്നതെന്നും മലപ്പുറം സ്വദേശിയായ ആന്‍ഡമാനില്‍ ജോലി ചെയ്യുന്ന സാബിക് എന്നയാളാണ് എം.ഡി.എം.എ അയച്ചതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ റിയാസിന്റെ പേരിലാണ് ലഹരി വസ്തുക്കളടങ്ങിയ കൊറിയര്‍ എത്തിയിരുന്നത്. ഇവര്‍ നല്‍കിയ എം.ഡി.എം.എയുമായി ചിലര്‍ പിടിയിലായതോടെയാണ് നിശാന്തിന്റെ മേല്‍വിലാസത്തിലേക്ക് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെ. പ്രദീപ് കുമാര്‍, കെ ശിബു ശങ്കര്‍, ടി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെഎസ് അരുണ്‍കുമാര്‍, ഇ അഖില്‍ദാസ്, സി നിധിന്‍, വി സച്ചിന്‍ദാസ്, കെ സഫീറലി, വി ബി വിനീഷ്, പി അരുണ്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.