പ്രശാന്ത് കിഷോർ പണി തുടങ്ങി; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്

India News Politics

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ്സിൻ്റെ നീക്കുപോക്കുകൾ ശക്തമാക്കാൻ സിപിഐ നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാർ വരുന്നുവെന്ന് അഭ്യൂഹങ്ങൾ. റിപ്പോർട്ടുകൾ പരക്കുന്നതിനിടെ രാഹുല്‍ഗാന്ധിയുമായി കനയ്യകുമാര്‍ നിർണ്ണായക കൂടികാഴ്ച്ച നടത്തി. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെകുറിച്ചാണ് കൂടിക്കാഴ്ചയിൽ ചര്‍ച്ച ചെയ്തതെന്നാണ് വിവരങ്ങൾ. നിലവിൽ സിപിഐയില്‍ അദ്ദേഹം ഒട്ടും തൃപ്തനല്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം.

കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ കിംവദന്തികൾ മാത്രമാണെന്നായിരുന്നു സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആദ്യം പ്രതികരിച്ചിരുന്നത്. പാര്‍ട്ടിയുടെ അവസാന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പോലും കനയ്യ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്നതും ഡി രാജ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വാർത്തകൾക്കിടയിലാണ് കനയ്യ രാഹുൽ ഗാന്ധിയെ കാണുന്നത്.

അതേസമയം ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് പ്രവേശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തു വന്നു. ഇതോടെ ദേശീയതലത്തില്‍ വളരെ ആസൂത്രിതമായ രാഷ്ട്രീയ നീക്കുപോക്കുകളാണ് നടക്കുന്നത് എന്ന് ഏറെക്കുറെ വ്യക്തമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജിഗ്നേശ് മേവാനി മത്സരിച്ച മണ്ഡലത്തില്‍ കോൺഗ്രസ്സ് എതിർ സ്ഥാനാർഥിയെ വെച്ചിരുന്നില്ല.

പുതിയ ഹൈക്കമാന്‍ഡ് രാഷ്ട്രീയ ഉപദേഷ്ടാവായി നിയമിതനായ പ്രശാന്ത് കിഷോറിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങി എന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസ്സിൽ എത്തുന്നത് യുവാക്കൾക്കിടയിൽ വലിയ തരംഗമാകും എന്നാണ് വിലയിരുത്തൽ.

കനയ്യ കുമാറും ബിഹാറിലെ സിപിഐ നേതൃത്വവും തമ്മിൽ കുറച്ചു കാലമായി അത്ര നല്ല ബന്ധത്തിലല്ല ഉള്ളത്. ദേശീയ നിർവാഹക സമിതിയുമായും ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയുമായും കനയ്യ ഇടഞ്ഞിരുന്നു. ഈ അവസരം മുതലെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.