ആറ് മാസത്തിനകം ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകും; എൻസിഡിസി

Health India News

അടുത്ത ആറ് മാസത്തിനകം ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. കോവിഡ് വ്യാപനം കൂടുതലായിരുന്ന കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ശുഭസൂചനയാണ്. ഡെൽറ്റ വകഭേദം ഉണ്ടെന്ന കാരണത്താൽ മാത്രം കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത വർധിക്കാൻ ഇടയില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും എൻസിഡിസി ഡയറക്ടർ സുജിത് സിങ് വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം ആരംഭിക്കാൻ പോവുകയാണെന്ന് ഔദ്യോഗിക സ്ഥിതീകരണമുണ്ടായിരുന്നു. സിറോ സർവെ റിപ്പോർട്ട് അനുസരിച്ച് പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ മൂന്നാം തരംഗം വലിയ രീതിയിൽ ബാധിക്കില്ലെന്ന് പിജിമെർ ഡയറക്ടർ ജഗത് റാം അറിയിച്ചിരുന്നു. സർവേ റിപ്പോർട്ട് പ്രകാരം 71 ശതമാനം കുട്ടികളിലും കൊറോണ വൈറസിനെതിരായ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ ഇന്ത്യയിലെ ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30,570 ആളുകൾക്ക് രോഗം സ്ഥിതീകരിക്കുകയും 431 ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുൻപുള്ള ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 12.4 ശതമാനം കൂടുതൽ രോഗികളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പക്ഷെ നിലവിൽ രാജ്യത്ത് കോവിഡ് പിടിപെട്ട് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞിട്ടുണ്ട്.