കൊച്ചി കപ്പല്‍ശാലയ്ക്കെതിരെയുള്ള ബോംബ് ഭീഷണി ഇനി സൈബര്‍ ഭീകരവാദ കുറ്റം

Crime India News

കൊച്ചി കപ്പല്‍ശാലയ്ക്കെതിരെ വരുന്ന ബോംബ് ഭീഷണിയെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായി കണ്ട് പൊലീസ് സൈബര്‍ ഭീകരവാദ കുറ്റം ചുമത്തി. ഭീകരവാദമായി കണക്കാക്കിയതിനാൽ എന്‍ഐഎയ്ക്ക് ഈ കേസ് അന്വേഷിക്കാനാവും. ഇതുവരെ ഇരുപതു ഭീഷണി സന്ദേശങ്ങളാണ് പൊലീസിനും കപ്പല്‍ശാലയ്ക്കും ലഭിച്ചിരിക്കുന്നത്.

വീണ്ടും വീണ്ടും ലഭിച്ചു കൊണ്ടിരിക്കുന്ന ഭീഷണി സന്ദേശങ്ങളെ കാര്യമായി തന്നെ പോലീസ് എടുക്കുന്നുണ്ട്. ഐടി ആക്ട് 66 എഫ് വകുപ്പ് പ്രകാരമാണ് ബോംബ് ഭീഷണിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസിൽ എട്ടു ആളുകളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും കുറ്റക്കാരല്ലെന്ന് കണ്ട് ഇവരെ വിട്ടയച്ചു.

അവസാനമായി പൊലീസിന് ഭീഷണി സന്ദേശം കിട്ടിയത് ഇന്നലെയായിരുന്നു. ഇതിനു മുൻപ് കിട്ടിയ ഭീഷണിയെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ഇ-മെയില്‍ വഴിയാണ് സന്ദേശം അയച്ചിരിക്കുന്നത്. രണ്ട് ലക്ഷം ഡോളർ മൂല്യമുള്ള ബിറ്റ്‌കോയിനാണ് സന്ദേശത്തിലൂടെ ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. സന്ദേശം അയച്ചിരിക്കുന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാൽ പ്രോട്ടോണ്‍ ആപ്പ് ഉപയറ്റാഗിച്ചാണ് ഇവ അയക്കുന്നതെന്ന് മനസ്സിലായിട്ടുണ്ട്.

ഐഎന്‍എസ് വിക്രാന്ത് ബോംബ് വെച്ച് തകർക്കും എന്നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. പിന്നീട് കപ്പല്‍ശാല തകര്‍ക്കുമെന്നും, കപ്പല്‍ ശാലയിലുള്ള ഇന്ധനടാങ്കുകള്‍ വഴി സ്ഫോടനം ഉണ്ടാക്കുമെന്നുമെല്ലാം പറഞ്ഞാണ് ഓരോ സന്ദേശങ്ങളുമുള്ളത്. ഗുരുതരമായ വിഷയമാണിതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതിനെതിരെ പ്രതികരിച്ചത്. രാജ്യസുരക്ഷ പരിഗണിച്ച് കടുത്ത ജാഗ്രതയോടെയാണ് പോലീസ് സംഘം കേസ് അന്വേഷിക്കുന്നത്.