കേരള പോലീസ് വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കുന്നു; നീക്കം സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ

Keralam News

കഴിഞ്ഞ വര്ഷം കോടികൾ മുടക്കി വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനൊരുങ്ങി സർക്കാർ. ഡി.ജി.പി പുതിയ ഹെലികോപ്ടർ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാരിന് കത്തയച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ഏജൻസികളിൽ നിന്നുൾപ്പെടെ ടെണ്ടർ വിളിക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങുകയും ചെയ്തു.

മാവോയിസ്റ് നിരീക്ഷണത്തിനും, പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളിൽ രക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കാൻ എന്ന രീതിയിലാണ് കഴിഞ്ഞ വര്ഷം ഹെലികോടപ്ടർ വാടകയ്ക്കെടുത്തിരുന്നത്. ഇതിന്റെ വാടക പോലീസ് ഫണ്ടിൽ നിന്നും കൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ ടെൻഡറും മാനദണ്ഡങ്ങളുമൊന്നും പാലിക്കാതെ ഹെലികോപ്റ്ററിന് അനുമതി കൊടുത്ത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനോടൊപ്പം കോടികൾ വാടക നൽകേണ്ടതും ചർച്ച വിഷയമായിരുന്നു.

2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ മാസം വരെയായിരുന്നു പവൻഹാൻസ് എന്ന കമ്പിനിയുമായുള്ള കരാർ. ട്രെൻഡർ വിളിച്ചെടുക്കുന്ന പുതിയ ഹെലികോപ്ടറിന് വാടക കുറയുമെന്നാണ് പോലീസ് പറയുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗസ്റ്റിൽ ആറായിരം കോടി രൂപ സർക്കാർ കടമെടുത്തിട്ടുണ്ട്. ഇതിനിടയിൽ കോടികൾ മുടക്കിയുള്ള ഈ നീക്കം വീണ്ടും വിവാദമുണ്ടാക്കുന്നുണ്ട്.