മാന്യമായി സംസാരിക്കാൻ പോലീസിനറിയില്ലേ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Keralam News

പൊതുജനങ്ങളോട് മാന്യമായി സംസാരിക്കാൻ പോലീസിനറിയില്ലേ എന്ന് ചോദിച്ച് ഹൈക്കോടതി. കൊല്ലത്ത് വാഹനപരിശോധയ്ക്കിടെ ഡോക്ടറോട് പോലീസ് അപമര്യാദയായി സംസാരിച്ച കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. സംഭവത്തിൽ നടപടി എടുത്ത ശേഷം റിപ്പോര്‍ട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോക്ടറായ ഒരാളെ അപമാനിച്ചാൽ അന്വേഷിക്കേണ്ടയെന്നും നാട്ടിൽ പോലീസുകാർക്ക് മാത്രം ജീവിച്ചാൽ മതിയോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്. സംഭവത്തിൽ കൊല്ലം എസിപി അന്വേഷണത്തിന് ശേഷം പൊലീസുകാര്‍ അസഭ്യമായ വാക്കുകൾ ഉപയോഗിച്ചിട്ടില്ലെന്ന് കാണിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതി ഇത് തള്ളുകയും, ശരിയായ നടപടി എടുത്ത ശേഷം പുതിയ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇതിനു മുൻപ് പോലീസിനോട് പൊതുജനങ്ങളെ എടാ, പോടാ എന്ന് വിളിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. ഡിജിപിയോട് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനും നിർദേശം ഉണ്ടായിരുന്നു. അടുത്ത കാലത്തായി വലിയ രീതിയിൽ പോലീസിന്റെ പെരുമാറ്റത്തിനെതിരെ പരാതികൾ ഉയരുന്നതിനിടെയാണ് ഹൈക്കോടതിയുടെ തുടർച്ചയായുള്ള വിമർശനവും.