കാമുകി ബ്രേക്കപ്പായിട്ട് 666 ദിവസങ്ങൾ; 666 ബലൂണുകൾ ഊതിവീർപ്പിച്ച് വഴിയരികിൽ കെട്ടിയിട്ട് യുവാവിന്റെ ആഘോഷം

Keralam Local News

പ്രണയം നിരസിക്കുമ്പോൾ ആസിഡ് ഒഴിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുന്നവ്സർ ഈ യുവാവിനെ കണ്ടുപഠിക്കണം. തന്റെ കാമുകി ബ്രേക്കപ്പായിപ്പോയതിന്റെ 666 ആം ദിവസം തൃശൂരുകാരനായ യുവാവ് ചെയ്തത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. 666 ചുവന്ന ബലൂണുകൾ ഊതി വീർപ്പിച്ച് പ്രണയിനിയുടെ ഓർമ്മയ്ക്ക് വഴിയിൽ കെട്ടിത്തൂക്കിയാണ് ഈ യുവാവ് ആഘോഷിച്ചത്.

തൃശൂർ കുറ്റുമുക്ക് നെട്ടിശ്ശേരിയിലാണ് സംഭവം. വഴിയരികിലിരുന്ന് ബലൂണുകൾ വീർപ്പിക്കുന്നത് കണ്ട നാട്ടുകാർ അമ്പരപ്പോടെ കാര്യം ചോദിച്ചപ്പോഴാണ് യുവാവ് ചെറു പുഞ്ചിരിയോടെ സംഭവം പുറത്തുവിട്ടത്. ക്ടാവ് ബ്രേക്കപ്പായിട്ട് 666 ദിവസമായെന്നും അതിന്റെ ഓർമ്മയ്ക്കായി അത്ര തന്നെ ബലൂണുകൾ ഈ പാടവരമ്പിൽ കിടക്കട്ടെയെന്നും യുവാവ് നിഷ്കളങ്കമായി പറയുകയായിരുന്നു.

ഒരു വലിയ പെട്ടി നിറയെ ബലൂണ്‍ പൊതികളുമായി യുവാവ് നെട്ടിശേരി പാടവരമ്ബിലെ റോഡിലെത്തിയത് ഇന്നലെ രാവിലെയാണ്. പോസ്റ്റിലും മരത്തിലുമായി കയര്‍ വലിച്ചു കെട്ടി അതിലേക്ക് ബലൂണുകള്‍ ഓരോന്നായി ഊതി നിറച്ചു കെട്ടി. ഇത്രയുംബലൂണുകള്‍ ഊതി നിറയ്ക്കാന്‍ കുറെ മണിക്കൂറുകളെടുത്തു. ഊതി ഊതി അവശനായിട്ടും പിന്മാറാതെ എണ്ണം തികയ്ക്കുകയായിരുന്നു. കാര്യം തിരക്കിയവരോടെല്ലാം തന്റെ ബ്രേക്ക് അപ്പ് കഥ യുവാവ് പറയുകയും ചെയ്തു.. 666 ബലൂണ്‍ തീര്‍ത്തതോടെ യുവാവ് തിരിച്ചുപോവുകയും ചെയ്തു.

സംഭവം ആളുകളിൽ ചിരി പടർത്തിയെങ്കിലും യുവാവിപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്.