സ്കൂളുകൾ തുറക്കാനുള്ള തീരുമാനം സ്വാഗതാർഹം; നിർദേശങ്ങളുമായി ഐഎംഎ

Education Keralam News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ളത് മികച്ച തീരുമാനമാണെന്നും പക്ഷെ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സ്കൂളിലെ അധ്യാപകരടക്കമുള്ള മുഴുവൻ ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തവരായിരിക്കണം. ഇതോടൊപ്പം സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളുടെ വീട്ടുകാരും വാക്സിൻ സ്വീകരിച്ചവരാണെന്ന് ഉറപ്പാക്കണമെന്നും ഐഎംഎ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

ശാസ്ത്രീയമായ രീതിയിലായിരിക്കണം ക്ലാസുകൾ തമ്മിലുള്ള ഇടവേളകൾ ക്രമീകരിക്കാൻ. ഉച്ചഭക്ഷണത്തെ കഴിക്കാനുള്ള ഇടവേളകൾ ഒഴിവാക്കുന്നത് നല്ല തീരുമാനമാവും. ഒരു ബെഞ്ചിൽ പരമാവധി ഒന്നോ, രണ്ടോ കുട്ടികളെ ഇരുത്തി സാമൂഹിക അകലം ഉറപ്പുവരുത്തുന്ന രീതിയിലാവണം ക്ലാസുകൾ ക്രമീകരിക്കേണ്ടതെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള വാക്സിനേഷന് അനുമതി കിട്ടിയാലുടൻ സ്കൂളുകളിൽ തന്നെ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തയ്യാറാണെന്നും കത്തിലുണ്ട്.