വായുമലിനീകരണം കാരണം മരണപ്പെടുന്നത് വർഷം എഴുപത് ലക്ഷം പേർ;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Health International News

ഒരു വർഷം ശരാശരി എഴുപത് ലക്ഷം പേർ മരിക്കുന്നത് വായുമലിനീകരണം കാരണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ് ലൈയ്‌ൻസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വായുമലിനീകരണം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ടെങ്കിലും താഴ്ന്നതും ഇടത്തരവുമായ സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളെയാണ് കൂടുതലായി ബാധിക്കുന്നതെന്ന് ഡബ്‌ള്യൂ .എച്ച്. ഒ ഡയറക്റ്റർ ജനറൽ ഡോ:ടെഡ്രോസ് അധോനം ഗെബ്രെയൂസസ് വ്യക്തമാക്കി.

പുതിയ മാർഗനിർദ്ദേശങ്ങളിൽ 2005 ൽ പുറത്തിറങ്ങിയതിനേക്കാൾ ശക്തമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2009 ൽ ഇന്ത്യ പുറത്തിറക്കിയ മാർഗ നിർദേശങ്ങളും പരിഷ്കരിക്കാനിടയുണ്ട്.

നവംബറില്‍ യു.കെ യിൽ നടക്കുന്ന യു.എന്‍ ക്ലൈമറ്റ് കോണ്‍ഫ്രന്‍സിന്റെ 26 ാം സെഷന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. പാരീസ് ഉച്ചകോടിയുടെ ലക്ഷ്യം നേടാനാവുന്ന വിധത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ തോത് കുറയ്ക്കാനാണ് ശ്രമം.. വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

വായു മലിനീകരണമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. 2005 ലെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇന്ത്യയിലെ മിക്ക നഗരങ്ങളും പിറകിലായിരുന്നുവെന്ന് ഐ.ഐ.ടി കാൻപൂരിലെ പ്രൊഫസറും നാഷണൽ ക്ളീൻ എയർ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ എസ്‌.എൻ ത്രിപാതി അഭിപ്രായപ്പെട്ടു. ആരോഗ്യ വിവര ശേഖരങ്ങൾ ശക്തിപ്പെടുത്തിയാൽ മാത്രമേ കൂടുതൽ പഠനങ്ങൾ സാധ്യമാവുകയുള്ളൂ എന്നും 2024 ആവുന്നതോടെ വായു മലിനീകരണ തോത് കുറയ്ക്കുകയുമാണ് എൻ.സി.എ.പി യുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.