സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണം; ആരോഗ്യ വകുപ്പിൻെറ അടിയന്തര യോഗം നാളെ

Health Keralam News

തിരുവനന്തപുരം: തിരുവോണത്തിന് ശേഷമുള്ള കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി നാളെ അടിയന്തര യോഗം വിളിച്ചു ചേർത്ത് ആരോഗ്യ വകുപ്പ്. ഇനി വരുന്ന നാല് ആഴ്ച കാലത്തേക്ക് സംസ്ഥാനത്ത് കൂടുതൽ ജാഗ്രത പുലർത്താനും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഓണ സമയത്ത് ഇളവ് കൊടുത്ത പല കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ ആൾക്കൂട്ടം ഉണ്ടായിട്ടുണ്ട്. അതുപോലെ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിർദേശവും പലരും പാലിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നുണ്ട്.

കേരളത്തിലെ പല സ്ഥലങ്ങളും കോവിഡിന്റെ വകഭേദമായ ഡെൽറ്റ വൈറസിന്റെ ഭീഷണിയിലാണ്. അതിനൊപ്പമാണ് കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതയും ഉള്ളത്. അതിനാൽ തന്നെ ഓണം കഴിഞ്ഞ് ഓഫീസുകളും കടകളും തുറക്കുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശിക്കുന്നത്.

എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എന്നാൽ വാക്സിൻ സ്വീകരിച്ചെന്നു കരുതി ജാഗ്രത കളയരുത്. കാരണം അവരിലൂടെയും ഡെൽറ്റ വകഭേദം വേഗത്തിൽ വ്യാപിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും മുൻകരുതലുകൾ എടുക്കണമെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.