കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാൻ ജില്ലകൾ തോറും ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിയമനം

Keralam News

കോവിഡ് പ്രതിരോധം ഏകോപിപ്പിക്കാൻ മുഴുവൻ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സർക്കാർ. സംസ്ഥാനത്തെ ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുനൽകാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണ് പുതിയ നടപടി.

സീനിയർ സെക്രട്ടറിമാർ അടക്കമുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെയാണ് പുതുതായി നിയമിച്ചത്. ഇവർ ശനിയാഴ്ച വരെ ജില്ലകളിൽ ഉണ്ടായിരിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം -മിനി ആന്റണി, കൊല്ലം- ടിങ്കു ബിസ്വാൾ, പത്തനംതിട്ട- റാണി ജോർജ്, ആലപ്പുഴ- ശർമിള മേരി ജോസഫ്, കോട്ടയം- അലി അസ്‌ഗർ പാഷ, ഇടുക്കി- രാജു നാരായണാസ്വാമി, എറണാകുളം- കെ. പി ജ്യോതിലാൽ, തൃശൂർ- മുഹമ്മദ്‌ ഹനിഷ്, പാലക്കാട്‌- കെ. ബിജു, മലപ്പുറം- ആനന്ദ് സിങ്, കോഴിക്കോട്- സഞ്ജയ്‌ കൗൾ, വയനാട്- രാജേഷ് കുമാർ സിൻഹ, കണ്ണൂർ- ബിജു പ്രഭാകർ, കാസർകോട്- സൗരഭ് ജെയിൻ എന്നിവരെയാണ് ജില്ലാ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്

ടെസ്റ്റ്‌ പോസിറ്റിവിറ്റി അനുസരിച്ച് കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കുമെന്നും പകരം ഓരോ മേഖല തിരിച്ചാവും നിയന്ത്രണങ്ങളെന്നും ഇന്നലെ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം എടുത്തിരുന്നു. കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ നിയന്ത്രങ്ങളും ഇളവുകളും ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ആഴ്ച മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുക.