കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി മൂന്നു പേര്‍ നിലമ്പൂരില്‍ അറസ്റ്റില്‍

Breaking Crime Keralam News

മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നു പേര്‍ എക്‌സൈസിന്റെ പിടിയിലായി. എക്സൈസ് ഇന്റലിജന്‍സിന്റെ പാലക്കാട്, മലപ്പുറം ടീമുകളും എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡും നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 52.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് ജില്ലയിലെ കപ്പൂര്‍ പടിഞ്ഞാറങ്ങാടി തെക്കിനിത്തേതില്‍
വീട്ടില്‍ ടി.കെ. സലിം (33), പാലക്കാട് കപ്പൂര്‍ മൂരിയാട് കള്ളിവളപ്പില്‍ വീട്ടില്‍ കെ.വി. നൗഷാദ് (30), പൊന്നാനി കാന്തല്ലൂര്‍ വലിയവീട്ടില്‍ അബ്ദുള്‍ ഷരീഫ് (29) എന്നിവരെ നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. രതീഷ് അറസ്റ്റ് ചെയ്തത്.
വഴിക്കടവ് എക്‌സൈസ് ചെക്കുപോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നു പിടികൂടി പാലാട് പെട്രോള്‍പമ്പില്‍ വച്ച് മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മാരുതി സ്വിഫ്റ്റ് കാറിന്റെ ഇന്‍ഫോ എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തിന് പിറകിലായി ഒളിപ്പിച്ചു കടത്തിയ 52.5 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നു പിടികൂടിയത്. പാലക്കാട് ഐബി ഇന്‍സ്പെക്ടര്‍ എന്‍. നൗഫല്‍, മലപ്പുറം ഐബി ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, പാലക്കാട് ഐ.ബിപിഒമാരായ ടി. വിശ്വനാഥ്, ടി.ആര്‍. വിശ്വകുമാര്‍, പാലക്കാട് സൈബര്‍ സെല്‍ സി.ഇ.ഒമാരായ അഷ്റഫ് അലി, ടി.ആര്‍. വിജീഷ്, ഡ്രൈവര്‍ വി. ജയപ്രകാശ്, നിലമ്പൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍.പി. സുരേഷ് ബാബു, പി.കെ. പ്രശാന്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.