ഓണത്തിന് മുൻപ് ഓണകിറ്റ് വിതരണം പൂർത്തിയായില്ല

Keralam News

തിരുവനന്തപുരം: ഓണത്തിന് മുൻപ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് വിതരണം നടത്തുമെന്ന സർക്കാരിന്റെ പ്രഖ്യാപനം നിറവേറ്റാനായില്ല. ഇനിയും മുപ്പത് ലക്ഷത്തിലധികം കാർഡുടമകൾക്ക് ഓണകിറ്റ് നൽകാനുണ്ട്. റേഷൻ കടകളിലൂടെയുള്ള ഓണകിറ്റ് വിതരണം ഇന്ന് കൂടെ തുടരും. പിന്നീട് മൂന്ന് ദിവസം അവധി കഴിഞ്ഞ ശേഷം ചൊവ്വാഴ്ച വീണ്ടും റേഷൻ കടകൾ തുറന്നു വിതരണം നടക്കുകയുള്ളൂ.

സംസ്ഥാനത്ത് ആകെയുള്ള 90.67 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ വ്യാഴാഴ്ച വരെ 60.60 ലക്ഷം ആളുകൾക്ക് കിറ്റ് കൊടുത്തിട്ടുണ്ട്. കിറ്റിൽ നൽകുന്ന ചില സാധനങ്ങൾ ആവശ്യത്തിന് ലഭിക്കാത്തതാണ് വിതരണം പൂർത്തീകരിക്കാൻ കഴിയാഞ്ഞതിലുള്ള പ്രധാന കാരണം. ആവശ്യത്തിനുള്ള ഓണകിറ്റുകൾ ഇപോസ് മെഷീന്‍ സംവിധാനത്തില്‍ സ്റ്റോക്കുണ്ടെന്നാണ് കാണിക്കുന്നതെങ്കിലും ഇതുവരെ റേഷൻ കടകളിൽ എത്തിയിട്ടിലെന്നാണ് ഉടമകൾ പറയുന്നത്. ഇതിന്റെ പേരിൽ പല റേഷൻ കടകളിലും കിറ്റ് വാങ്ങാനെത്തിയവരും ഉടമകളും തമ്മിൽ വാക്കേറ്റം വരെ ഉണ്ടായിട്ടുണ്ട്.