രോഗികളെ അതിർത്തികളിൽ തടയരുതെന്ന ഹൈക്കോടതി നിർദേശം കർണാടകം പാലിച്ചില്ലെന്ന് പരാതി

India Keralam News

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്തിന്റെ അതിര്‍ത്തികളിൽ രോഗികളെ തടഞ്ഞു വെയ്ക്കരുതെന്ന കേരള ഹൈക്കോടതി നിർദേശം പാലിക്കാതെ കർണാടകം. സ്വകാര്യ വാഹനങ്ങളില്‍ ആവശ്യമുള്ള രേഖകളുമായി എത്തുന്ന രോഗികളെ സംസ്ഥാനത്തേക്ക് കടക്കാൻ അനുവദിക്കണമെന്നായിരുന്നു കോടതി നിർദേശിച്ചിരുന്നത്. പക്ഷെ ഈ നിർദേശം പാലിക്കാതെ രോഗികളെ കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞ് മടക്കി അയക്കുന്നതായി പരാതി ഉയരുന്നുണ്ട്.

കേരളത്തിൽ കോവിഡ് അധികമാണെന്ന പേരിൽ ഇവിടെ നിന്നും മറ്റു സംസ്ഥാനത്തേക്ക് പോകുന്ന വാഹനങ്ങൾ അതിര്‍ത്തികളിൽ തടഞ്ഞു നിർത്തുന്നതിനെതിരെ സമർപ്പിച്ച രണ്ട് പൊതുതാല്‍പര്യ ഹർജികൾ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുതിയ നിർദേശം നൽകിയിരുന്നത്. ഇത് പ്രകാരം ജോലികൾക്കോ വിദ്യാഭ്യാസത്തിനോ ചികിത്സയ്ക്കോ ആയി കര്‍ണാടകത്തിലേക്ക് യാത്ര നടത്തുന്നവരെ തടഞ്ഞു വെയ്ക്കരുതെന്ന് കോടതി പറഞ്ഞിരുന്നു. ഇതോടൊപ്പം കോവിഡ് എസ്.ഒ.പി. അനുസരിച്ചും രോഗികളുമായി വരുന്ന വാഹനം തടയരുതെന്നും വ്യക്തമാക്കിയിരുന്നു. പക്ഷെ ഹൈക്കോടതി ഈ വിഷയത്തിൽ മുന്നോട്ട് വെച്ച ഒരു നിർദേശവും കർണാടക ഇതുവരെ പാലിച്ചിട്ടില്ല.