പത്തനാപുരത്തെ ജ്വല്ലറിയിൽ കവർച്ചാ ശ്രമം; പിന്നിൽ കുറുവ സംഘമെന്ന് സംശയം

Crime Keralam News

കൊല്ലം:പത്തനാപുരത്തെ വിനായക ജ്വല്ലറിയിൽ കവർച്ചാ ശ്രമം. ജ്വല്ലറിയുടെ ഷട്ടറിലുണ്ടായിരുന്ന മൂന്നു പൂട്ടുകളും തകർത്ത് കവർച്ചക്കാർ ഉള്ളിൽ കടന്നെങ്കിലും അകത്തുണ്ടായിരുന്ന വാതിലിന്റെ പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ കവർച്ച നടന്നില്ല. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടന്ന കുറുവ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ സംശയം.

ജ്വല്ലറിയിലുണ്ടായിരുന്ന എല്ലാ സിസിടിവി ക്യാമറകളും തുണി ഉപയോഗിച്ച് മറച്ചതിനാൽ കവർച്ചയുടെ ദൃശ്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷെ പുലര്‍ച്ചെ ഒരുമണിക്ക് രണ്ട് ആളുകൾ കാറില്‍ വന്ന് ജ്വല്ലറിക്കു മുന്നിലിറങ്ങുന്നത് പുറത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ജ്വല്ലറിക്ക് അടുത്തുള്ള കടകളിലെ സിസിടിവികളും മറച്ചിട്ടുണ്ടായിരുന്നു. കുറെ സമയം അകത്തെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് കവർച്ച ഉപേക്ഷിച്ച് സംഘം പോയത്.

വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജ്വല്ലറിയിലെത്തി പരിശോധന നടത്തിയിട്ടുണ്ട്. പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ കൊല്ലത്തെയും പത്തനംതിട്ടയിലെയും അതിർത്തി പ്രദേശങ്ങളിൽ കുറുവ സംഘമുള്ളതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാ ആളുകളും കൂടുതൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.