ലോഹക്കൂട്ടുകള്‍ നല്‍കി സ്വര്‍ണവെള്ളരിയാണെന്നും പറഞ്ഞ് തട്ടുന്നത് ലക്ഷങ്ങള്‍

Breaking Crime Keralam News

മലപ്പുറം: സ്വര്‍ണവെള്ളരിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലോഹക്കൂട്ടുകള്‍ നല്‍കി ക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. ഇത്തരം തട്ടിപ്പുകള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തുമാണ്. കഴിഞ്ഞ ദിവസം മലപ്പുറം പാണ്ടിക്കാട് സ്വര്‍ണവെള്ളരിയാണെന്നു കബളിപ്പിച്ച് പതിനൊന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി വലിയകണ്ടത്തില്‍ തോമസിനെ(47)യാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമ്പാനങ്ങാടിയിലെ ലോഡ്ജ് മുറിയില്‍ താമസിക്കുന്നതിനിടെ പരാതിക്കാരനുമായി അടുപ്പം സ്ഥാപിച്ച പ്രതി കൈവശമുണ്ടായിരുന്ന സ്വര്‍ണനിറത്തിലുള്ള വസ്തു സ്വര്‍ണവെള്ളരിയാണെന്നു പറഞ്ഞ് കബളിപ്പിച്ചാണ് പണം കൈപ്പറ്റിയത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍പ്പോയി. വിവിധ ജില്ലകളില്‍ സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയ മൂന്നുപേരെ നേരത്തെ വഴിക്കടവ് പോലീസ് പിടികൂടിയിരുന്നു.
സ്വര്‍ണവെള്ളരി തട്ടിപ്പിനെത്തുടര്‍ന്ന് 4.25 ലക്ഷംരൂപ നഷ്ടപ്പെട്ടതായ പെരിന്തല്‍മണ്ണ താഴേക്കോട് കുഴിക്കണ്ടത്തില്‍ മുഹമ്മദലിയുടെ പരാതിയിലാണ് നേരത്തെ വഴിക്കടവ് പോലീസ് കേസ് എടുത്തിരുന്നത്.
സലാം ഫാളിലി എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് മുഹമ്മദലിയുടെ ഫോണിലേക്ക് വിളിച്ച് സ്വര്‍ണവെള്ളരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് പണം വാങ്ങിയത്. സ്വര്‍ണവെള്ളരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മണ്ണാര്‍ക്കാട്ടെ പള്ളിഭാരവാഹിയില്‍നിന്ന് 6.20 ലക്ഷംരൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ വഴിക്കടവ് പോലീസ് കഴിഞ്ഞയാഴ്ച അറസ്റ്റ്‌ചെയ്തിരുന്നുവെന്നും പറയുന്നു. കൊണ്ടോട്ടി നെടിയിരുപ്പ് കൂനന്‍വീട്ടില്‍ ഹമീദ്(ജിമ്മ് ഹമീദ്-55), കൊണ്ടോട്ടി ചുങ്കം പുളിക്കത്തൊടി അന്‍വര്‍ (31), മേലാറ്റൂര്‍ തച്ചിങ്ങനാടം നെന്മിനി പിലാക്കല്‍ സബ്രഹ്മണ്യന്‍ (58) എന്നിവരെയാണ് പിടികൂടിയത്. ഇവരെ അറസ്റ്റുചെയ്തവിവരം ട പുറത്തറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ ആളുകള്‍ സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നതായി പോലീസ് പറഞ്ഞിരുന്നു. ഗൂഡല്ലൂരിലെ ആദിവാസിക്ക് ലഭിച്ച സ്വര്‍ണവെള്ളരി വില കുറച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ആളുകളെ സംഘം കെണിയില്‍പ്പെടുത്തിരുന്നത്. ഇവരില്‍ പത്തുലക്ഷം രൂപവരെ നഷ്ടപ്പെട്ടവരും ഉണ്ട്. കോയമ്പത്തൂരില്‍ ലോഹക്കൂടില്‍ നിര്‍മിച്ച വെള്ളരിയ്ക്ക് 2000 രൂപയാണ് വില. യാത്രാ നിരോധനം നിലനില്‍ക്കുന്നതിനാല്‍ പലരും ടെലിഫോണ്‍ വഴിയാണ് പരാതിനല്‍കിയത്. മതപണ്ഡിതരും മതസ്ഥാപന നടത്തിപ്പുകാരുമാണ് പരാതിക്കാരില്‍ അധികവുമെന്നും പറയുന്നു.