സുഖ്ജിന്തർക്ക് സ്ഥാനമില്ല; പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി

India News

സുഖ്ജിന്തർ സിംഗ് രണ്‍ധാവ അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ തള്ളിക്കൊണ്ട് ചരണ്‍ജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഹരീഷ് റാവത്താണ് ഈ കാര്യം അറിയിച്ചത്. ഉടനെ തന്നെ ഔദ്യോഗികമായ പ്രഖ്യാപനവുമുണ്ടാവും. നിയമസഭാ കക്ഷി നേതാവായ ചരണ്‍ജിത് സിംഗ് ചന്നിയെ തിരഞ്ഞെടുത്തതോടെ പഞ്ചാബില്‍ മുഖ്യമന്ത്രിയാവുന്ന ആദ്യത്തെ ദളിത് നേതാവുകൂടെയാവും അദ്ദേഹം.

അല്‍പ സമയത്തിന് ശേഷം ഗവര്‍ണറുമായി ചരണ്‍ജിത് സിംഗ് ചന്നി കൂടിക്കാഴ്ച നടത്തും. പഴയ മന്ത്രിസഭയിലെ ടെക്‌നിക്കല്‍ വിദ്യാഭ്യാസമന്ത്രിയായ ഇദ്ദേഹം ചാംകൗര്‍ സാഹിബ് മണ്ഡലത്തിലെ എംഎല്‍എയാണ്. അരുണാ ചൗധരി, ഭാരത് ഭൂഷൺ എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഭരണ തുടർച്ച ഉണ്ടാവില്ലെന്നും പകരം ആംആദ്മി പാർട്ടിക്ക് സാധ്യതയുണ്ടെന്നുമുള്ള പാർട്ടി സർവ്വേ കണക്കിലെടുത്തു കൊണ്ടായിരുന്നു അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിയാൻ ആവശ്യപ്പെട്ടത്. ഇതിനിടെ ഒരു വിഭാഗം എംഎൽഎമാർ സിദ്ദുവിനെ പിന്തുണ കൂടെ നൽകിയതോടെ അമരീന്ദർ സിംഗ് വലിയ പ്രതിസന്ധിയിലേക്ക് എത്തുകയായിരുന്നു. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി പദവിയിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യം ഉന്നയിച്ച് അൻപതോളം എംഎൽഎമാർ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.