റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ ;സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

Education Entertainment Local News Religion

മലപ്പുറം: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന നാളെ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.
രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1 ന് അസ്മാഉല്‍ ബ ദര്‍ മജ്‌ലിസ്, വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്‌നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും.
തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ പ്രധാന വേദി, മഅദിന്‍ ഗ്രാന്റ് മസ്ജിദ്, മഅദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്ര്‍ നിസ്‌കാരങ്ങളും നടക്കും.
രാത്രി 9 മണിക്ക് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എട്ടിക്കുളം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, കെ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
പുലര്‍ച്ചെ 3 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ്‌ലീല്‍, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും ഊന്നല്‍ നല്‍കി ആഗോള തലത്തില്‍ നടന്നു വരുന്ന വേള്‍ഡ് ഖുര്‍ആന്‍ അവറില്‍ പങ്കാളികളാകും.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് ഇന്നലെ തുടക്കമായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുള്ള സഅദി ഫള്ഫരി, പൊന്മള അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആരംഭിച്ച 48 മണിക്കൂര്‍ ഇഅ്തികാഫ് ജല്‍സയില്‍ നൂറ് കണക്കിന് വിശ്വാസികളാണ് പങ്ക് കൊള്ളുന്നത്.

മഅ്ദിന്‍ ഫാമിലിആപ്പ് ലോഞ്ചിംഗ് നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വിവിദ സംരംഭങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന് തയ്യാറാക്കിയ മൊബൈല്‍ അപ്ലിക്കേഷന്‍ നാളെ സ്വലാത്ത് നഗറില്‍ പുറത്തിറക്കും. മഅ്ദിന്‍ ഫാമിലി ആപ്പ് എന്ന പേരില്‍ ഐ ഒ എസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമായ ആപ്പ് ഇന്ത്യന്‍ ഗ്രാന്റ് മു്ഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് പുറത്തിറക്കുക.

വിവിധ മഅ്ദിന്‍ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, അഡ്മിഷന്‍, പ്രാര്‍ത്ഥനകള്‍, പ്രൊജക്ടുകള്‍, ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍, നിസ്‌കാര സമയം തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുന്നതിനും ആവശ്യങ്ങള്‍ അറിയിക്കുന്നതിനുമുള്ള ഒപ്ഷനുമുണ്ട്. കോഡ്‌സാപ്പിന്റെ സബകരണത്തോടെ മഅ്ദിന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് വിഭാഗമാണ് ആപ്പ് നിര്‍മിച്ചത്.

താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍
ജീവ ചരിത്രം ഇംഗ്ലീഷില്‍ പുറത്തിറക്കുന്നു

മലപ്പുറം: താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരിയുടെ ഇംഗ്ലീഷിലുള്ള സമഗ്രമായ ജീവചരിത്രം മഅ്ദിന്‍ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പുറത്തിറങ്ങും. ‘ദി ക്രൗണ്‍ഡ് എമിനന്‍സ്’ എന്ന പേരില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. മരണം വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആജീവനാന്ത പ്രസിഡന്റായിരുന്നു താജുല്‍ ഉലമ. 1989ലെ പുനസംഘടനക്ക് മുമ്പും ശേഷവും സമസ്തയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന വ്യക്തിതവുമാണ്. കേരള- കര്‍ണാടക മുസ് ലിംകളുടെ സാമൂഹിക-വിദ്യാഭ്യാസ വളര്‍ച്ചയില്‍ തങ്ങളുടെ ശക്തമായ സ്വാധീനം കാണാം. തങ്ങളുടെ മത-രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ പുസ്തകം കൃത്യമായി വിവരിക്കുന്നുണ്ട്. അന്താരഷ്ട്ര തലങ്ങളിലും വൈജ്ഞാനിക ഇടപെടലുകള്‍ നടത്തിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എപിസ്റ്റമിക് ബ്രേക്സ് ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍സുമായി സഹകരിച്ച് അസ്സുഫ്ഫ ഫൗണ്ടേഷന്‍ മംഗലാപുരം ആണ് പ്രസാധകര്‍. 490 രൂപ വിലയുള്ള പുസ്തകത്തിന്റെ വിതരണം മഅ്ദിന്‍ പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സാണ്.