റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടിവിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍

Keralam News Religion

മലപ്പുറം: റമളാന്‍ 27-ാം രാവിന്റെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സ്വലാത്ത് നഗറില്‍ ഒഴുകിയെത്തി. ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ് സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണിത്.
ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. പ്രഭാതം മുതല്‍ തന്നെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ വിവിധ ആത്മീയ സദസ്സുകള്‍ നടന്നു. ഉച്ചക്ക് 1 മുതല്‍ നടന്ന അസ്മാഉല്‍ ബദ്രിയ്യീന്‍ മജ്ലിസോടെ പരിപാടികള്‍ക്ക് തുടക്കമായി.
വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു. തുടര്‍ന്ന് ഒരു ലക്ഷം പേര്‍ സംബന്ധിച്ച മെഗാ ഇഫ്ത്വാര്‍ നടന്നു. മഗ്രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു.
രാത്രി 9 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഉദ്ബോധനം നടത്തി.
മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅദിന്‍ അക്കാദമി പൂര്‍ണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങള്‍ക്കായൊരുക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ്, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍ എന്നിവ വിശ്വാസികള്‍ക്കനുഗ്രഹമായി. പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിയ വിശ്വാസികള്‍ക്ക് മഅ്ദിന്‍ മിംഹാറിന് കീഴില്‍ സൗജന്യ ചികിത്സാ സൗകര്യമൊരുക്കി. ഭിന്നശേഷി സുഹൃത്തുക്കളുടെ സൗകര്യത്തിനായി പ്രത്യേക ക്രമീകരണങ്ങളുമൊരുക്കി.
പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ നിമിത്തമായി. പ്രാര്‍ത്ഥനാ സംഗമത്തിനെത്തിയ ലക്ഷങ്ങള്‍ക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്‌കാരങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകള്‍ക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.
സ്വലാത്ത്, തഹ്ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയില്‍ നടന്നു. ഡോ. അഹ്മദ് അവ്വാദ് ജുമുഅ അല്‍ കുബൈസി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്ലിയാര്‍, സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.
മഅ്ദിന്‍ അക്കാദമിയുടെ സംരംഭങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മഅ്ദിന്‍ കുടുംബാംഗങ്ങളുടെ വിവിധ ആവശ്യങ്ങള്‍ കാര്യക്ഷമമായി നിവര്‍ത്തിക്കുന്നതിനുമായി മഅ്ദിന്‍ ഫാമിലി എന്ന പേരില്‍ അപ്ലിക്കേഷന്‍ പുറത്തിറക്കി. ആപ്പിന്റെ ലോഞ്ചിംഗ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വഹിച്ചു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചന നിര്‍വഹിച്ച ഉള്ളാള്‍ തങ്ങളുടെ ഇംഗ്ലീഷിലുള്ള സമഗ്ര ജീവചരിത്രം പ്രകാശിതമായി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ക്ക് കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.
ഖലീല്‍ ബുഖാരി തങ്ങളുടെ പ്രഭാഷണത്തില്‍ നിന്ന്
അല്ലാഹുവിന്റെ അപരാരമായ അനുഗ്രഹങ്ങളും ആത്മീയചൈതന്യവും നിറയുന്ന വിശുദ്ധ റമളാന്‍ പോലുളള വേളകളില്‍ ലോകസമാധാനത്തിനും ശാന്തിക്കുമായുള്ള പ്രാര്‍ത്ഥന വിശ്വാസികളുടെ കടമയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. ഒറ്റപ്പെട്ടു കഴിയേണ്ടവരല്ല വിശ്വാസി, തന്റെ ഒപ്പമുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനും തളരുന്നവര്‍ക്ക് താങ്ങാവാനുമുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാര്‍ത്ഥനകള്‍ കൊണ്ടും ലോകമെമ്പാടും പതിതര്‍ക്കൊപ്പം നില്‍ക്കാന്‍ എല്ലാവരും തയ്യാറാകണം.
രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കാനുള്ള കാര്യങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും വിശ്വാസികള്‍ ഭാഗമാകണം. ജനാധിപത്യത്തിന് കരുത്ത് പകരുന്ന വോട്ടെടുപ്പില്‍ സജീവമായി പങ്കെടുക്കണം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍, മതത്തിന്റെയും വര്‍ഗീയ ചിന്തകളുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. ന്യൂനപക്ഷങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും ഒറ്റപ്പെടുത്തി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടും വിവേകപൂര്‍വ്വം വിനിയോഗിക്കണെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
ആരോഗ്യം മനുഷ്യന് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണ്. നമ്മുടെ അലസതയും അലംഭാവവും കൊണ്ട് അത് നഷ്ടപ്പെടുത്തിക്കളയരുത്. പൊതുജനാരോഗ്യ സംരക്ഷണത്തിന് കുടുംബങ്ങളിലും മഹല്‍ അടിസ്ഥാനത്തിലും ബോധവല്‍ക്കണം നടത്തണം. ഈയടുത്ത കാലത്തായി വ്യാപിക്കുന്ന രോഗങ്ങളില്‍ മിക്കതിനും കാരണം ശുചിത്വമില്ലാത്ത പരിസങ്ങളില്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ്. ലാഭേച്ഛ മാത്രം മുന്നില്‍ക്കണ്ട് മലിന ജലത്തിലും വൃത്തിഹീനമായ ചുറ്റുപാടിലും തയ്യാറാക്കുന്നവര്‍ സമൂഹത്തോട് വലിയ പാതകമാണ് ചെയ്യുന്നത്. വിലപ്പെട്ട മനുഷ്യ ജീവനുകള്‍ ബലികൊടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. വ്യക്തി ശുദ്ധിയും പരിസര ശുചിത്വവും പുലര്‍ത്തി സാംക്രമിക രോഗങ്ങളെ തടയാന്‍ എല്ലാവരും മന്നോട്ടു വരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു.
പട്ടിണി കാരണം മരണപ്പെടുന്ന കുരുന്നുകളുടെ വാര്‍ത്തയും പച്ചില കൊണ്ട് ഇഫ്താറൊരുക്കുന്ന ഉമ്മമാരുടെ കാഴ്ചകളും ഫലസ്തീനില്‍ നിന്നും നിരന്തരം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരു വര്‍ഷം ലോകം 100 കോടി ടണ്‍ ഭക്ഷണമാണ് വേസ്റ്റാക്കി കളയുന്നതെന്ന വാര്‍ത്ത വരുന്നത്. ഈ വേസ്റ്റാകുന്നതില്‍ അറുപത് ശതമാനവും വീടുകളില്‍ നിന്നാണെന്ന വാര്‍ത്തയാണ് ഏറ്റവും സങ്കടകരം. നോമ്പ് മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ ഭൗതിക ഗുണപാഠങ്ങളിലൊന്ന് വിശപ്പും ഭക്ഷണത്തിന്റെ വിലയുമാണ്. ഈ റംസാനില്‍ നാം എടുക്കേണ്ട പ്രതിജ്ഞകളിലൊന്ന് ഭക്ഷണത്തില്‍ മിതത്വം പാലിക്കുമെന്നാണ്. ഭക്ഷണ പാനീയങ്ങള്‍ പാഴാക്കിക്കളയുന്നതിനെതിരെ ശ്ക്തമായ ബോധവല്‍ക്കണം ആവശ്യമാണെന്നും ലക്ഷക്കണക്കിനു വിശ്വാസികല്‍ നേരിട്ടും അല്ലാതെയും സംബന്ധിക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ വലിയ പ്രതിജ്ഞകളിലൊന്ന് ഭക്ഷണം പാഴാക്കിക്കളിയില്ലയെന്നതാണെന്നും മഅ്ദിന്‍ ചെയര്‍മാന്‍ പറഞ്ഞു.
കാന്തപുരത്തിന്റെ പ്രഭാഷണത്തില്‍ നിന്ന്
വ്രത വിശുദ്ധിയുടെ നാളുകളില്‍ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം തുടര്‍ന്നും സംരക്ഷിച്ചുള്ള ജീവിതം നയിക്കാന്‍ വിശ്വാസികള്‍ക്കു കഴിയേണ്ടതുണ്ട്.
ഹൃദയവിമലീകരണത്തിനായുള്ള ദിനരാത്രങ്ങളാണ് റമളാനിലൂടെ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നത്. ഖുര്‍ആന്‍ പാരായണവും ദാനധര്‍മവുമടക്കമുള്ള എല്ലാ തരം ആരാധനകളും അനുഷ്ഠാനങ്ങളും എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കി മാറ്റേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണ്. കൃത്യമായ രാഷ്ട്രീയബോധം നമുക്കുണ്ടാവേണ്ടതുണ്ട്. ജനാധിപത്യപരമായ സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യപ്തരും പ്രാപ്തിയുള്ളവരെയുമാണ് നാം നമ്മുടെ ജനപ്രതികളായി തീരുമാനിക്കേണ്ടത്.
സാമൂഹിക ഐക്യവും സഹവര്‍ത്തിത്വവും രാജ്യത്ത് എന്നെന്നും നിലനില്‍ക്കേണ്ടതുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയാനും, അവരുടെ അപനിര്‍മാണങ്ങളിലൂടെ രാജ്യത്തെ ജനജീവിതരീതി അരക്ഷിതമാകാതിരിക്കാനുമുള്ള ഇടപെടലുകള്‍ പ്രബുദ്ധ സമൂഹത്തില്‍ നിന്നുണ്ടാകേണ്ടതുണ്ട്. മമതയിലും മൈത്രിയിലുമൂന്നിയതാണ് രാജ്യത്തിന്റെ ജനജീവിത പാരമ്പര്യം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കരുത്തുകൊണ്ട് വിഭാഗീയശ്രമങ്ങളെ ഉന്മൂലനം ചെയ്യാന്‍ നമുക്കാവണം.