തീയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനില്ല

Breaking News

സംസ്ഥാനത്ത് തീയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ല. നിലവില്‍ 50ല്‍ അധികം സിനിമകളാണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നത്. പക്ഷെ പകുതി സീറ്റില്‍ പ്രവേശനമെന്ന നിബന്ധനകള്‍ കാരണം മോഹന്‍ലാലിന്റെ മരയ്ക്കാറും, ആറാട്ടും ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് ഉടനുണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതോടൊപ്പം മരക്കാറിനെ ഒടിടിയിലെത്തിക്കാന്‍ ചില കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. തിയേറ്റര്‍ തുറക്കുമ്പോഴും പകുതി സീറ്റ് എന്ന നിബന്ധന നിലനില്‍ക്കുന്നുണ്ട്. നിലവില്‍ പറഞ്ഞ കോവിഡ് ക്രമീകരണം പാലിച്ചിറക്കിയാല്‍ വന്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് മരയ്ക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

100 കോടിയിലേറെ നിര്‍മ്മാണ ചെലവുള്ള ചിത്രം പെട്ടിയിലായിട്ട് തന്നെ ഒരു വര്‍ഷത്തിലേറെയായി. ഇതിനിടെ പല വന്‍കിട ഒടിടി കമ്പനികള്‍ റെക്കോര്‍ഡ് തുക വാഗ്ദാനം ചെയ്ത് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെയുമുണ്ട്. മരയ്ക്കാര്‍ മടിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മറ്റൊരു ത്രില്ലര്‍ ആറാട്ട് ഇറക്കാനും ബി ഉണ്ണിക്കൃഷ്ണന്‍ സംശയത്തില്‍ തന്നെയാണ്. ഇതിനും 40 കോടിയിലേറെയാണ് ചെലവ് വന്നിട്ടുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്.
അതേ സമയം അജഗജാന്തരം, കാവല്‍ തുടങ്ങിയ മലയാളം ചിത്രങ്ങള്‍ ആദ്യഘട്ടത്തില്‍തന്നെ റിലീസിന് ഒരുങ്ങുന്നുണ്ട്. അതേ സമയം ദീപാവലിക്ക് രജനി ചിത്രം അണ്ണാതെയും റിലീസിനെത്തും. ഇതിന് പുറമെ വിശാല്‍ ചിത്രം എനിമി, അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ശി എന്നീ അന്യഭാഷാ ചിത്രങ്ങളും റിലീസ് ചെയ്യും. തീയേറ്ററുകളില്‍ ആളുകള്‍ എത്തുന്നുണ്ടോ എന്നു പരിശോധിച്ചും സര്‍ക്കാരിന്റെ കൂടുതല്‍ ഇളവുകളും
പ്രതീക്ഷിച്ചുമാണ് മറ്റു സിനമകള്‍ റിലീസിന് കാത്തിരിക്കുന്നത്.