കടുത്ത വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ രോഗിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് ഒരു കിലോയിലധികംവരുന്ന സ്‌ക്രൂവും ആണിയും

Breaking International News

വില്‍നിയാസ്: കടുത്ത വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ രോഗിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് ഒരു കിലോയിലധികം വരുന്ന സ്‌ക്രൂവും ആണിയും. യൂറോപ്യന്‍ രാജ്യമായ ലിത്വാനിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കടുത്ത വയറുവേദനക്കു മരുന്ന് കഴിച്ചിട്ടൊന്നും മാറ്റം വരാതിിരുന്നതോടെയാണ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിച്ചത്. തുടര്‍ന്നു നടന്ന വിദഗ്ധ പരിശോധനയിലും എക്‌സറേയിലുമാണ് സംശയാപ്ദമായ രീതിയിലുള്ള സൂചനകള്‍ ലഭിച്ചത്. തുടര്‍ന്നു ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍പോലും ഞെട്ടിപ്പോയി.
എക്‌സ്‌റേ റിപ്പോര്‍ട്ടില്‍ രോഗിയുടെ വയറില്‍ ലോഹങ്ങള്‍പോലെയുള്ളത് കിടക്കുന്നതായി കണ്ടെത്തിയിരുന്നു. നീളം പത്തുസെന്റീമീറ്ററോളം വരും. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ യുവാവിന്റെ വയറിനുള്ളില്‍ ഒരു കിലോയിലധികം സ്‌ക്രൂവും ആണിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇയാള്‍ ഇവ വിഴുങ്ങിയതെന്നും ഡോക്ടര്‍മാരോട് സമ്മതിച്ചിട്ടുണ്ട്.

തുടര്‍ന്നു മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ ആണിയും സ്‌ക്രൂവും നീക്കം ചെയ്തതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗിയുടെ ശരീരത്തില്‍നിന്ന് നീക്കം ചെയ്ത സ്‌ക്രൂവിന്റെയും ആണികളുടെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാള്‍ട്ടിക് നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.കഴിഞ്ഞ സെപ്റ്റംബറില്‍ നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒരാള്‍ വിഴുങ്ങിയിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു.