പുതിയ ഹരിത നേതാക്കള്‍ വെറും പാവകളോ ?

News Politics Writers Blog

അശ്വതി അനില്‍

എംഎസ്എഫ് ഹരിത പുതിയ  സംസ്ഥാന ഭാരവാഹികളെ  പ്രഖ്യാപിച്ചു. മുസ്ലിം ലീഗിന്റെയും എംഎസ്എഫിന്റെയും ഇച്ഛകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാകും പുതുതായി നേതൃത്വ നിരയിലേക്ക് കടന്നു വന്നതെന്ന് നിസംശയം പറയാനാകും.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിതയിലെ നേതാക്കള്‍ പരാതി നല്‍കിയപ്പോള്‍ അതില്‍ ഒപ്പു വെയ്ക്കാതിരുന്ന പിഎച്ച് ആയിഷ ബാനുവിനെ തന്നെ പുതിയ പ്രസിഡണ്ട് ആക്കിയതും മറ്റെല്ലാവരെയും പുതിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതും കൃത്യമായ അജണ്ടകളോടെയാവും.

പുരോഗമന ആശയങ്ങളുള്ള സ്ത്രീ ശാക്തീകരണവും പ്രാതിനിധ്യവും ഉറപ്പു വരുത്തുന്ന ‘മോഡേണ്‍’ പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്ന് കാണിക്കാന്‍ ഹരിത എന്ന സംഘടനാ അവര്‍ക്ക് ആവശ്യമാണ്. സ്വന്തമായ തീരുമാനങ്ങളുള്ള അഭിപ്രായങ്ങളുള്ള പെണ്ണുങ്ങളെന്ന് നേതൃത്വം ഉറക്കെ വിളിച്ചു പറഞ്ഞാലും തങ്ങളുടേതല്ലാത്ത അഭിപ്രായങ്ങളോ തീരുമാനങ്ങളോ അവര്‍ എടുക്കരുതെന്ന് ശാഠ്യം പിടിക്കുന്ന നേതാക്കള്‍ അവിടെയുണ്ട്. അതുകൊണ്ട് തന്നെ  ആരൊക്കെയോ വലിക്കുന്ന ചരടുകള്‍ക്ക് അനുസരിച്ച് ആടാന്‍ കഴിയുന്ന പെണ്ണുങ്ങളെയാണ് അവര്‍ക്ക് വേണ്ടതും.

തങ്ങള്‍ പാവകളല്ല, ചലിക്കാന്‍ ചരടുകള്‍ വേണ്ടെന്ന് വിളിച്ചു പറഞ്ഞാല്‍ അതിനെ പാര്‍ട്ടിയിലെ അച്ചടക്ക ലംഘനമാക്കും, നിങ്ങളല്ല പാര്‍ട്ടിയാണ് പ്രധാനമെന്ന് പറയും. ഒടുക്കം തെറ്റും ശരിയും തിരിച്ചറിയാവുന്ന, നിലപാടുള്ള, ശക്തരായവരെ പിരിച്ചു വിട്ടു പാര്‍ട്ടിയെ അനുസരിക്കുന്നവർ എന്ന വ്യാജേന ആണ്‍ മേല്‍ക്കോയ്മയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായവരെ കൊണ്ടുവരും. ഏതാണ്ട് ഹരിത കമ്മിറ്റിയെ പിരിച്ചുവിട്ടു, പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത് പോലെ.

ഹരിതയിലെ നേതാക്കള്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നവരോട്, ആരാണ് പാര്‍ട്ടിയെ അപമാനത്തിലാക്കിയത്? ലീഗ് നേതൃത്വം സ്വയം വിലകളഞ്ഞെന്ന് പറയേണ്ടി വരും. ഹരിതയിലെ നേതാക്കള്‍ പരാതി നല്‍കിയത് എംഎസ്എഫ് നേതാവ് നവാസിനും എതിരെയായായിരുന്നു. അതും പാര്‍ട്ടി നേതൃത്വത്തിന് തന്നെ. സ്ത്രീകളെ ആവശ്യത്തിന് പ്രാധാന്യം നല്‍കുന്ന ‘മോഡേണ്‍’ പാര്‍ട്ടി ആ പരാതി പരിഗണിച്ചില്ല. ഒടുക്കം വനിതാ കമ്മീഷന് ഹരിത പരാതി നല്‍കിയപ്പോള്‍ നേതൃത്വം പ്രതികരിച്ചു. അതും അച്ചടക്ക ലംഘനം നടത്തിയെന്ന പേരില്‍ ഹരിതയ്ക്കെതിരെ. സ്ത്രീകളെ അപമാനിച്ചതിനും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനും സ്ത്രീകള്‍ തന്നെ നേരിട്ട് നല്‍കിയ പരാതി കൃത്യമായി അന്വേഷിച്ച് ആവശ്യമായ നടപടികള്‍ എടുത്തിരുന്നെങ്കില്‍ മുസ്ലിം ലീഗ് മറ്റു പാര്‍ട്ടികള്‍ക്ക് പോലും മാതൃകയാവുമായിരുന്നു. അതുകൊണ്ട് തന്നെ പ്രശ്നം ഇത്രത്തോളം വഷളാക്കി ലീഗിലെ വലിയൊരു ശതമാനം ആളുകളുടെയും സ്ത്രീവിരുദ്ധ നിലപാടും, ആണ്‍ അഹന്തയും, പഴഞ്ചന്‍ ചിന്തകളും സമൂഹത്തോട് തുറന്നു കാട്ടിയത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും തന്നെയാണ്, മറിച്ച് ഹരിതയല്ല.

ഇനി ഹരിതയിലെ നേതാക്കളുടെ പ്രശ്‌നങ്ങള്‍ എല്ലാ ആദരവോടും കൂടി കേള്‍ക്കാന്‍ ലീഗ് നേതാക്കള്‍ തയ്യാറായി, മുനവ്വറലി ശിഹാബ് തങ്ങള്‍ മുതല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് വരെ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു എന്ന് പറയുന്നവരോട് ഈ നേതാക്കളും നിങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്നത്, നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ്. നേതാക്കള്‍ നടത്തിയ തെറ്റായ പരാമര്‍ശങ്ങളും, ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും തുടക്കം മുതല്‍ ആവശ്യം പറയുന്ന ഹരിത പ്രവര്‍ത്തകരോട് നിങ്ങള്‍ പറഞ്ഞിട്ടുള്ളത് ഒത്തുതീര്‍പ്പുണ്ടാക്കാനും പരാതി പിന്‍വലിക്കാനുമാണ്. അല്ലാതെ അവരുടെ ആവശ്യങ്ങളെ കുറിച്ചല്ല.

ഇപ്പോഴും നേതാക്കള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും നിലപാടുകളും തെറ്റാണെന്നും എത്രത്തോളം ടോക്‌സിക്കാണെന്നും മനസിലാക്കാത്തവരാണ് ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. ഇനി പരാമര്‍ശങ്ങളെല്ലാം സ്വാഭാവികമാണ് അത് ഇത്രത്തോളം വിഷയമാക്കാനുണ്ടോയെന്ന് ചോദിക്കുന്നത്, പരാതി നല്‍കിയവരെ അപമാനിക്കുന്നത് ഇതെല്ലം വിവരമില്ലായ്മ കൊണ്ടാണോ അതോ ഉള്ളിലുള്ള ആണ്‍അഹന്ത കാരണമോ?  

നേതാക്കള്‍ പറഞ്ഞതനുസരിച്ച് ആറുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി കുടുംബമാണ് വലുതെന്നു പറഞ്ഞ് അതിര്‍ വരമ്പുകളില്‍ നിന്നും പ്രവര്‍ത്തിച്ചവരല്ല യഥാര്‍ത്ഥ സ്ത്രീ ശബ്ദമെന്ന് നേതാക്കളൊന്ന് മനസിലാക്കണം. കൃത്യമായ ബോധ്യമുള്ള നിലപാടുള്ള സ്ത്രീകള്‍ പ്രതികരിക്കും. ഇതിനെ ഫെമിനിച്ചിയെന്നും പൊട്ടകിണറ്റിലെ തവളയെന്നും ഇന്നിന്റെ മഴയില്‍ കിളിര്‍ത്തവരെന്നും പരിഹസിക്കുന്നവര്‍ ആദ്യം സ്വന്തം ചിന്തകളെ അഭിപ്രായങ്ങളെ വിശകലനം ചെയ്യുക. ഇപ്പോള്‍ ഇരുന്നു കൊണ്ടിരിക്കുന്ന കിണറിനു പുറത്തേക്കു കൂടെ ചിന്തിക്കുക. പാര്‍ട്ടിയാണ് വലുതെന്ന് നിരന്തരം പറയുന്നതിനോടൊപ്പം ഇനിയും മാറാത്ത, മാറ്റേണ്ട പാര്‍ട്ടി നിലപാടുകളെ ചട്ടങ്ങളെ മാറ്റിയെഴുതുക. ഇപ്പോഴും പറയുന്ന പുരോഗമനം എന്തെന്ന് അല്‍പമെങ്കിലും മനസിലാക്കുക. എല്ലാവരോടുമല്ല, ഇപ്പോഴും തെറ്റും ശരിയും തിരിച്ചറിയാത്തവരോടാണ്. പുതിയ ഹരിത നേതൃത്വത്തിനും അതിനു കഴിയട്ടെയെന്നും പാവകളാവാതെ ഉറച്ച സ്ത്രീ ശബ്ദങ്ങളാവട്ടെയെന്നും പ്രത്യാശിക്കാം.