നാർക്കോട്ടിക് ജിഹാദ്; വിഷയത്തിൽ സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് വിഡി സതീശൻ

Keralam News Politics

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി ആളുകൾ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്നും, സർക്കാർ ഇതിനെതിരെ നോക്കുകുത്തിയായി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ വിരോധവും വിദ്വേഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ചെറുക്കുവാൻ സംസ്ഥാന സർക്കാർ നടപടി എടുക്കണം. രണ്ട് സമുദായങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. ഈ വിഷയത്തിൽ സർക്കാരിന് വേണ്ട പൂർണ പിന്തുണ പ്രതിപക്ഷം നല്കുമെന്നും വിഡി സതീശൻ അറിയിച്ചു.

ഏതെങ്കിലുമൊരു വിഭാഗത്തിന് പരാതിയുണ്ടെങ്കിൽ സർക്കാർ അത് അന്വേഷിക്കാൻ തയ്യാറാവണം. സംഘ പരിവാർ അജണ്ടയാണോ ഇത്തരത്തിലൊരു നീക്കത്തിന് പിന്നിലെന്ന് സംശയമുണ്ട്. രണ്ട് സമുദായങ്ങൾക്കിടയിൽ മനപ്പൂർവം വിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി ഈ വിഷയത്തിൽ പറഞ്ഞ അഭിപ്രായം കേട്ടപ്പോൾ സിപിഎമ്മിനും ഇതിനു പിന്നിൽ നിഗൂഡ ലക്ഷ്യമുള്ളതായി തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്പാർട്ടി ഒരു സമുദായത്തിനൊപ്പവും ചേരുന്നില്ലെന്നും രണ്ടു വിഭാഗത്തോടും സംയമനം പാലിക്കാൻ ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും സതീശൻ അറിയിച്ചു.