വാളയാര്‍ പെണ്കുട്ടികളുടെ അമ്മ വീണ്ടും സമരത്തിന്; ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യം

Crime Keralam News

പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണം വഴിതിരിച്ചു വിടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൺകുട്ടികളുടെ അമ്മ സമരത്തിനിറങ്ങുന്നു. അട്ടപ്പള്ളത്തുള്ള വീടിനു മുൻപിൽ ഇന്ന് ഒരു ദിവസം നിരാഹാരമിരിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

കേസ് അന്വേഷിച്ച എം ജെ സോജൻ, ചാക്കോ എന്നീ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്നത് വരെ സമരം ചെയ്യുമെന്ന് അവർ വ്യക്തമാക്കി. ഇന്ന് രാവിലെ പത്തു മണിക്ക് ഏകദിന നിരാഹാരം തുടങ്ങും. വി കെ ശ്രീകണ്ഠൻ എം പി നിരാഹാരസമരം ഉദ്‌ഘാടനം ചെയ്യും.

ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും നേരത്തെ പരാതി കൊടുത്തിരുന്നു. ആവശ്യപ്രകാരം വാളയാർ കേസ് സിബിഐക്ക് കൈമാറിയെങ്കിലും അന്വേഷിച്ചവർക്കെതിരെ നടപടി ഒന്നും എടുത്തിരുന്നില്ല. ഇപ്പോൾ കേസിൽ സിബിഐ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.