മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിൽ

Crime Local News

മലപ്പുറം: മേലാറ്റൂരിൽ പോലീസ് നടത്തിയ വൻ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട് ജില്ലയിലേക്ക് കുഴൽപ്പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

ചൊവ്വാഴ്ച്ച രാത്രി 12 ഓടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഹ്യുണ്ടായ് ക്രെറ്റ കാർ കസ്റ്റഡിയിലെടുക്കുകയും വാഹനം സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ മുമ്പിലും പിൻ ഭാഗത്തുമായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500ന്റെ ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തുകയുമായിരുന്നു.