കെട്ടിടത്തിനു തീ പിടിച്ച് ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായി : ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍

Local News

മലപ്പുറം: കെട്ടിടത്തിനു തീ പിടിച്ച് ഒറിജിനല്‍ ആധാരം ഉപയോഗശൂന്യമായ സംഭവത്തില്‍ കാരണക്കാരായ ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃകമ്മീഷന്‍ വിധിച്ചു. ഒതുക്കുങ്ങല്‍ സ്വദേശി സാബിറ ബോധിപ്പിച്ച ഹരജിയിലാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കുന്നതിന് ഐ.ഡി.ബി.ഐ. കോട്ടക്കല്‍ ബ്രാഞ്ചിനെതിരെ ഉപഭോക്തൃ കമ്മീഷന്‍ വിധി പറഞ്ഞത്. പരാതിക്കാരി ബാങ്കില്‍നിന്നും 13,75,000 രൂപ കടമെടുക്കുകയും യഥാ സമയം തിരിച്ചടക്കുകയും ചെയ്തു. എന്നാല്‍ പണയപ്പെടുത്തിയ ആധാരം യഥാ സമയം തിരിച്ചു നല്‍കിയില്ല. ബാങ്കില്‍ വരുന്ന ആധാരം ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളെല്ലാം മുംബെയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ഹോള്‍ ഡിംഗ് സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നതെന്നും തീപിടുത്തം കാരണമാണ് രേഖ നല്‍കാനാവാത്തതെന്നുമാണ് ബാങ്ക് അറിയിച്ചത്. തീ അണക്കാനുള്ള ശ്രമത്തിലാണ് ആധാരം ഉപയോഗശൂന്യമായത്.തീപിടുത്തം പ്രകൃതി ദുരന്തമായതിനാല്‍ എതൃ കക്ഷിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നുമാണ് ബാങ്ക് ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ വാദിച്ചത്.എന്നാല്‍ ഭൂകമ്പം, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നതുപോലെ കെട്ടിടത്തിനകത്തുണ്ടാകുന്ന തീപിടു ത്തത്തെ പ്രകൃതിദുരന്തമായി കണക്കാക്കാനാവില്ലെന്നും,രേഖകള്‍ സൂക്ഷിക്കാനും യഥാവിധി തിരിച്ചേല്‍പ്പിക്കാനുമുള്ള ബാധ്യത ബാങ്കിനുണ്ടെന്നും കണ്ടെത്തിയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. നഷ്ടപരിഹാരത്തിനു പുറമെ സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്റെ കോപ്പിയും ബാങ്കിന്റെ ഉത്തരവാദിത്വത്തില്‍ ഹരജിക്കാരിക്ക് നല്‍കണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി തിയ്യതി മുതല്‍ 9% പലിശയും വിധിസംഖ്യയിന്മേല്‍ ബാങ്ക് നല്‍കണം – കെ. മോഹന്‍ദാസ് പ്രസിഡന്റും,പ്രീതി ശിവരാമന്‍.സി , സി.വി. മുഹമ്മദ് ഇസ്മായില്‍ അംഗങ്ങളായ കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞു.