ലഹരി വിരുദ്ധ ക്ലാസ്സെടുക്കുന്നയാളുംസുഹൃത്തും മയക്കുമരുന്നുമായി അറസ്റ്റില്‍

Crime Local News

മഞ്ചേരി : ലഹരി വിരുദ്ധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്ന യുവാവും സുഹൃത്തും മാരക മയക്കുമരുന്നായ എം ഡി എം എ സഹിതം അറസ്റ്റില്‍. കരിപ്പൂര്‍ പാലപ്പെട്ടി സ്വദേശി പുലാട്ട് വീട്ടില്‍ ജാബിര്‍ (33), സുഹൃത്ത് കരിപ്പൂര്‍ കരുവാന്‍ കല്ല് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ ഫൈസല്‍ ചോനാരി (38) എന്നിവരാണ് മയക്കു മരുന്നു വില്‍പ്പന നടത്തുന്നതിനിടെ പൊലീസ് പിടിയിലായത്. ഇവരില്‍ നിന്നും വില്‍പ്പനക്കായി പാക്കറ്റുകളില്‍ സൂക്ഷിച്ച 17 ഗ്രാം എം ഡി എം എ കണ്ടെടുത്തു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് മയക്കു മരുന്നു കച്ചവടം നടത്തി വരുന്ന ജാബിറിനെ എയര്‍പ്പോര്‍ട്ട് തുറക്കല്‍ ലിങ്ക് റോഡില്‍ ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. അനധികൃത മദ്യവില്‍പ്പന നടത്തിയതിന് നേരത്തെ കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായ ഫൈസലിനെ കാടപ്പടിയില്‍ വെച്ചാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത്റെഡ്ഡിയുടെ നേതൃത്വത്തില്‍ എസ് ഐ മാരായ ഫദല്‍ റഹ്മാന്‍, വിപിന്‍ വി പിള്ള എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ സംഘത്തിലെ കൂടുതല്‍ പേര്‍ പിടിയിലായേക്കുമെന്ന് കരുതുന്നു. ഓട്ടോ ഡ്രൈവറായ ജാബിര്‍ നിരവധി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി