ബാംഗ്ലൂരിലെ മലയാളി മാധ്യമപ്രവർത്തകയുടെ ആത്മഹത്യക്ക് കാരണം ഭര്‍തൃപീഡനമെന്ന് പോലീസ്

Crime Local News

ബെംഗളുരു: റോയിറ്റേഴ്സിലെ മാധ്യമപ്രവർത്തകയുടെ ആത്മഹത്യ ഭര്‍തൃപീഡനം കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശ്രുതിയെ ഭര്‍ത്താവ് അനീഷ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. റോയിറ്റേഴ്സിന്‍റെ ബെംഗ്ലുരു സബ് എഡിറ്ററും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്ലാറ്റില്‍ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശാരീരികമായും മാനസികമായും ശ്രുതിയെ പീഡിപ്പിച്ച അനീഷ് ഓഫീസിലും പുറത്തും ശ്രുതിയെ പിന്തുടരുകയും മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്സില്‍ ജോലി ചെയ്യുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്ലാറ്റില്‍ കഴിഞ്ഞിരുന്നത്.

നാല് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്കാരം നടത്തി.