വയോധികയെ കമ്പിയും കരിങ്കല്ലും ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത് 33കാരന്‍

Breaking Crime News

മലപ്പുറം: നടുവട്ടത്ത് വയോധികയെ കമ്പിയും കരിങ്കല്ലും ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത് 33കാരന്‍. മലപ്പുറം നടുവട്ടം വെള്ളറമ്പ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അയല്‍വാസിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫിയെ (33) ഇന്ന് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. തനിച്ചു താമസിച്ച് വരികയായിരുന്നു വയോധികയെ കൊലപ്പെടുത്തിയത് പണം തട്ടാന്‍വേണ്ടിയായിരുന്നുവെന്നാണ് സൂചന. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കമ്പിയും കരിങ്കല്ലും കണ്ടെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ ഉമ്മറത്ത് കുഞ്ഞിപ്പാത്തുമ്മയെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കാണപ്പെടുന്നത്. വീട്ടില്‍ തനിച്ചുതാമസിക്കുന്ന ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടര്‍ന്നു അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് സംഭവം കാണപ്പെടുന്നത്. തുടര്‍ന്നു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.65ലക്ഷം രൂപ കണ്ടെടുത്തിരുന്നു. വിവിധ പേഴ്സുകളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് പണമുണ്ടായിരുന്നത്. ഇതില്‍ 13000 രൂപയുടെ നിരോധിച്ച നോട്ടുകളും ഉണ്ടായിരുന്നു. പെന്‍ഷന്‍ തുകയും നാട്ടില്‍ നിന്നും സഹായമായി ലഭിച്ച പണവും സമാഹരിച്ച് സൂക്ഷിച്ച് വെച്ചതായിരുന്നു. നാട്ടുകാരുടെ സഹയാത്തോടെയാണ് കുഞ്ഞിപ്പാത്തുമ്മ ജീവിച്ചിരുന്നത്.
കൂടുതല്‍ പണമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. കേസില്‍ നാട്ടുകാരായ 15 പേരില്‍നിന്നാണു ഇതുവരെ പൊലീസ് മൊഴിയെടുത്തത്. തുടര്‍ന്നു അന്വേഷണം മുഹമ്മദ് ഷാഫിയിലേക്ക് എത്തിയത്. അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടല്‍ വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് വലിയ മുറിവുകളാണ് തലയിലുണ്ടായിരുന്നത്.