രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ സദസ്സ് തിങ്കളാഴ്ച.

Breaking Keralam News Politics

മലപ്പുറം: രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയില്‍ മലപ്പുറത്ത് ചേര്‍ന്ന യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കളെ മന്ത്രിസഭകളില്‍പോലും ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കളെ പ്രസംഗങ്ങളുടെ പേരില്‍ വേട്ടയാടുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജില്ലയില്‍ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും തിങ്കളാഴ്ച പ്രതിഷേധസദസ്സ് സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
നികുതികൊള്ള ആരംഭിക്കുന്ന ഏപ്രില്‍ 1ന് പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പന്തംകൊളുത്തിപ്രകടനം നടത്തും. അന്നേദിവസം രാവിലെ പതിനൊന്ന് മണിക്ക് ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ പന്തംകൊളുത്തി പ്രകടനം നടക്കും.
മെയ് അവസാനവാരത്തില്‍ യു.ഡി.എഫിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു. ഇതേതരത്തില്‍ നിയോജകമണ്ഡലം, പഞ്ചായത്ത് തലത്തിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ക്യാമ്പുകള്‍ നടക്കുന്നതാണ്.

യോഗത്തില്‍ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് യോഗം ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമ റോഷന, എ.ജെ. ആന്റണി, നൗഷാദ് മണ്ണിശ്ശേരി, അന്‍വര്‍ മുള്ളമ്പാറ, അഡ്വ. പി.പി. ഹാരിഫ് എന്നിവര്‍ക്ക് പുറമെ നിയോജകമണ്ഡലം യു.ഡി.എഫ് ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.