ഇത്തവണ വേനലവധിയുമില്ല; അവഗണയില്‍ ഉരുകി ഡി.എല്‍.എഡ്. വിദ്യാര്‍ഥികള്‍;കോവിഡാനന്തരം നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായ നിലവിലെ അധ്യാപക പരിശീലനാര്‍ഥികള്‍ക്ക് തന്നെയാണ് വേനലവധിയും നിഷേധിക്കുന്നത്.

Education Keralam News

മലപ്പുറം: സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ അധ്യാപകരാകാന്‍ പരിശീലനം നേടുന്ന ഡി.എല്‍.എഡ്. വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം വേനലവധിയുമില്ല. നിരവധി അവഗണനകള്‍ക്കിടയില്‍ വേനലവധി കൂടി നിഷേധിച്ചത് അധ്യാപക പരിശീലനാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് മുമ്പുള്ള വര്‍ഷങ്ങളില്‍ കൃത്യമായി വേനലവധി അനുവദിച്ചിരുന്നതായും അവധി കാലങ്ങളില്‍ ക്യാമ്പുകളും പരീക്ഷകളുമെല്ലാം നടക്കാറുണ്ടെങ്കിലും കൊടുവേനലിലെ കടുത്തചൂടില്‍ ഉരുകിയൊലിച്ച് ക്ലാസ് മുറികളില്‍ അടഞ്ഞിരിക്കേണ്ട ഗതികേടില്ലായിരുന്നെന്നും വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു.
ഇത്തവണ അധ്യായന വര്‍ഷാരംഭം വൈകിയതാണ് വേനലവധി നിഷേധിക്കുന്നതിന് കാരണമായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പാഠഭാഗങ്ങളും പരിശീലന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചിട്ടുള്ളതിനാല്‍ ഡി.എല്‍.എഡ്. വിദ്യാര്‍ഥികള്‍ക്കും വേനലവധി അനുവദിക്കണമെന്നതാണ് ആവശ്യം.
സംസ്ഥാനത്ത് ഒട്ടുമിക്ക കോഴ്‌സുകളിലേക്കും അപേക്ഷ സമര്‍പ്പിക്കലും മുന്‍ഗണനാ പട്ടിക തയ്യാറാക്കലും തുടര്‍ പ്രവേശന നടപടികളുമെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലാണ്. എന്നാല്‍ ഡി.എല്‍.എഡിന് മാത്രം ഇപ്പോഴും അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുന്നതുള്‍പ്പെടെ പ്രവേശന നടപടികളൊക്കെയും പഴയകാല സംവിധാനത്തിലാണ്. ഇതുകാരണമാണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നതിനും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുമെല്ലാം കാലതാമസമുണ്ടാകുന്നത്.
ഇങ്ങനെ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും മുമ്പേ സ്‌കൂള്‍ പരിചയത്തിനായി വിവിധ വിദ്യാലയങ്ങളിലേക്ക് പറഞ്ഞുവിട്ടും പാഠഭാഗങ്ങള്‍ പഠിച്ചുതീരും മുമ്പേ സെമസ്റ്റര്‍ പരീക്ഷകള്‍ പ്രഖ്യാപിച്ചുമെല്ലാം നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയമായ നിലവിലെ ബാച്ചിലെ അധ്യാപക പരിശീലനാര്‍ഥികള്‍ക്ക് തന്നെയാണ് വേനലവധിയും നിഷേധിക്കുന്നത്.

ലക്ഷ്യം മികച്ച അധ്യാപകരെ സൃഷ്ടിക്കലാകണം

പൊതുവിദ്യാലങ്ങളുടെ മേന്മ വര്‍ധിപ്പിക്കാനാകുന്ന വിധം പരിശീലിപ്പിച്ചെടുക്കേണ്ട ഡി.എല്‍.എഡ്. കോഴ്‌സ് വഴിപാടാകരുത്. മുഴുവന്‍ പ്രശ്‌നങ്ങളും പി. ഉബൈദുള്ള എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ ബോധ്യപ്പെടുത്തിയാതാണ്. ഇപ്പോഴത്തെ വേനലവധിയുമായി ബന്ധപ്പെട്ടും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്, പരിഗണിക്കുമെന്നാണ് പ്രതീക്ഷ- എം.ടി. മുര്‍ഷിദ് കോഡൂര്‍, ജില്ലാ പ്രസിഡന്റ്, ആള്‍ കേരള ടിച്ചേര്‍ ട്രൈനീസ് അസോസിയേഷന്‍.