മയ്യത്ത് സംസ്ക്കാരത്തിന് പണം വാങ്ങിയെന്ന് :വഖഫ് ബോർഡ് നടപടിയെടുക്കണം-മനുഷ്യാവകാശ കമ്മീഷൻ

Local News

മലപ്പുറം : മഹൽ കബറിസ്ഥാനിൽ മയ്യത്ത് അടക്കം ചെയ്യുന്നതിന് 20,000 രൂപ മഹൽ ജമാ അത്ത് കമ്മറ്റി വാങ്ങിയെന്ന പരാതിയിൽ വഖഫ് ഭാരവാഹികളുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി സംസ്ഥാന വഖഫ് ബോർഡ് കണ്ടെത്തിയ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്
2022 ഡിസംബർ 13 – നാണ് പരാതിക്കാരനായ കോട്ടക്കൽ സ്വദേശി കെ. മുഹമ്മദ് അബ്ദുൾ ഷഫീഖിന്റെ അമ്മ മരിച്ചത്.. തങ്ങൾ യഥാർത്ഥ ഇസ്ലാം മതം പിന്തുടരുന്നവരല്ലെന്ന് ആരോപിച്ചാണ് കബറടക്കത്തിന് അനുമതി നൽകാത്തത്. തുടർന്ന് സ്ഥലം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇടപെട്ട് 20,000 രൂപ നൽകി ഖബറടക്കത്തിന് അനുമതി ലഭിച്ചു. പരാതിക്കാരന്റെ പിതാവ് മരിച്ചപ്പോഴും ഇതേ സ്ഥിതി ഉണ്ടായതായി പരാതിയിൽ പറയുന്നു.
സംസ്ഥാന വഖഫ് ബോർഡിൽ നിന്നും കമ്മീഷൻ റിപ്പേർട്ട് വാങ്ങി. മുസ്ലീങ്ങളുടെ മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിൽ വിവേചനമോ തടസ്സമോ ഉണ്ടാക്കരുതെന്നും മൃതദേഹം മറവ് ചെയ്യാൻ പ്രത്യേക വ്യക്തികൾക്കായി ഫീസ് നിശ്ചയിക്കരുതെന്നും മഹൽ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നതാണെന്നും ഖബറടക്കം നടത്തുന്നതിന് വഖഫ് ഭാരവാഹികളുടെ ഭാഗത്ത് നിന്നും വീഴ്ച വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബന്ധപ്പെട്ട കക്ഷികളെ ബോർഡ് വിളിപ്പിച്ച് നേരിൽ കേട്ട് നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.