മലപ്പുറത്തും നിപ: മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

Breaking Health Keralam News

മലപ്പുറം: മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിര്‍ദ്ദേശം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കോഴിക്കോട് നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ഡി.എം.ഒ ഡോ.ആര്‍.രേണുക മലപ്പുറം

    കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്തും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക എന്നിവര്‍ അറിയിച്ചു. നിലവില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള ആരും സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും കരുതല്‍ ആവശ്യമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ നിലവില്‍ ഐസൊലേഷനില്‍ നിരീക്ഷിച്ചു വരികയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും സാമ്പിള്‍ ശേഖരിച്ച് നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുടെ യോഗം ചേരുകയും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തു. മുന്‍കരുതല്‍ നടപടികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ആരോഗ്യവകുപ്പിനെ കൂടാതെ മഞ്ചേരി മെഡിക്കല്‍ കോളേജ്, തദ്ദേശ സ്വയംഭരണം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പോലീസ്, ആയുഷ്, ഹോമിയോ, വനിതാ ശിശു വികസനം, ഐ സി ഡി എസ് തുടങ്ങിയവയുടെ മേധാവികള്‍ പങ്കെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക നിപ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്പര്‍- 0483 2734066. അടിയന്തിര സാഹചര്യം നേരിടുന്നതിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കുകയും 108 ആംബുലന്‍സ് സേവനങ്ങള്‍ ഉറപ്പ് വരുത്തുകയും ചെയ്തു.

നിപ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ ആണ് വൈറസ് മനുഷ്യരില്‍ എത്തുക. (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ)
  • വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
  • നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല. ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
  • രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
  • നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങളുള്ള എല്ലാവരും പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലുമുള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
  • എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
  • രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖേന വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗത്തിലൂടെ മാത്രം ചികിത്സ തേടുകയും വേണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
  • അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ജാഗ്രത വേണം.

രോഗലക്ഷണങ്ങള്‍:

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:

  • മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
  • ഇടക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
  • പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കുക.
  • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.