.വി അന്‍വറിന്റെ പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്കേ തുറന്നിട്ടുള്ളൂവെന്ന് കളക്ടര്‍ ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി

Keralam News

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പീ വീ ആര്‍ നാച്വറോ പാര്‍ക്കില്‍ കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് കോഴിക്കോട് കളക്ടര്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായ കുളങ്ങളടക്കമുള്ള പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരും പി.വി അന്‍വറും അടക്കമുള്ള 12 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവായി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ പിവീആര്‍ നാച്വറോ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജനാണ് ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ പാര്‍ക്ക് തുറക്കാനുളള അനുമതിയുടെ മറവില്‍ നീന്തല്‍കുളങ്ങളടക്കമുള്ളവ തുറന്നു നല്‍കിയതായി ഹരജിക്കാരന്റെ വാദം കണക്കിലെടുത്താണ് കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനുവേണ്ടി അഡ്വ. പിയൂസ് എ.കൊറ്റം ഹാജരായി.
പാര്‍ക്കില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് 2018 ജൂണ്‍ 18ന് ദുരന്തനിവാരണ നിയമപ്രകാരം കോഴിക്കോട് കളക്ടറാണ് പാര്‍ക്ക് അടച്ച്പൂട്ടാന്‍ ഉത്തരവ് നല്‍കിയത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം മലയോര മേഖലകളില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നു കണ്ടെത്തിയായിരുന്നു കളക്ടറുടെ ഉത്തരവ്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് വിശദ ശാസത്രീയ പഠനം നടത്തണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പഠനം നടത്താതെയാണ് പി.വി അന്‍വര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 21ന് ദുരന്തനിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി കുട്ടികളുടെ പാര്‍ക്ക് തുറന്ന് നല്‍കാന്‍ ഉത്തരവിട്ടത്. ഭരണകക്ഷി എം.എല്‍.എല്‍യായ അന്‍വറിന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് അദ്ദേഹത്തിന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നിയമം ലംഘിച്ച് പാര്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു.
ദുരന്തനിവാരണ വിഭാഗം രൂപീകരിച്ച വിദഗ്ദസമിതി പരിശോധനക്കെത്തിയപ്പോള്‍ പാര്‍ക്കിലെ നിര്‍മ്മാണങ്ങളും പ്ലാനും സ്‌കെച്ചും അടക്കം ആവശ്യമായ ഒരു രേഖകളും പി.വി അന്‍വര്‍ നല്‍കിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ക്കിലെ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സ്വകാര്യ കമ്പനിയായ കോഴിക്കോട്ടെ മാറ്റര്‍ ലാബിനെയാണ് നിയോഗിച്ചത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ചുമതലപ്പെടുത്താതെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചതും ഹരജിക്കാരന്‍ ചോദ്യം ചെയ്തിട്ടുണ്ട്. പാര്‍ക്കില്‍ കേരള പഞ്ചായത്തീരാജ് കെട്ടിട നിയമം ലംഘിച്ചും പ്ലാനില്‍ നിന്നും വ്യതിചലിച്ചതും റോഡില്‍ നിന്നും നിശ്ചിത അകലംപാലിക്കാത്തുമായ കെട്ടിടങ്ങള്‍ ഉണ്ടെന്നും കെട്ടിട നിര്‍മ്മാണ നിയമം ലംഘിച്ചുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനര്‍ 2018 ജനുവരി 8ന് കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ 5വര്‍ഷം കഴിഞ്ഞിട്ടും പാര്‍ക്കിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ മലയിടിച്ചാണ് പാര്‍ക്ക് പണിതതെന്നും ഉരുള്‍പൊട്ടലുണ്ടായ പാര്‍ക്കില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള പഠനങ്ങളോ മുന്‍കരുതലുകളോ നടത്താതെ പാര്‍ക്ക് തുറന്നു നല്‍കിയത് നിയമലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നാണ് ഹർജിയില്‍ പറയുന്നത്.