സർക്കാരിന് സിനിമാക്കാരോടോ വ്യാപാരികളോടോ ഒരു വിരോധവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ

Keralam News

തിരുവനന്തപുരം: സർക്കാരിന് ഒരു വിരോധവും സിനിമാക്കാരോടോ വ്യാപാരികളോടോ ഇല്ലെന്നു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിലവിൽ കേരളത്തിന്റെ സാഹചര്യം പ്രതിസന്ധിയിലാണ്. മരണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം. ഈ കോവിഡ് പശ്ചാത്തലം എല്ലാ മേഖലയെയും ഒരുപോലെയാണ് പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഇളവുകൾ നൽകുന്നത് ടി.പി.ആർ കുറയുന്നതനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സിനിമയെ സംബന്ധിച്ചുള്ള പരാതികൾ പരിഹരിക്കാൻ ചർച്ചകൾ നടത്തും. മാത്രമല്ല സിനിമ ചിത്രീകരിക്കാൻ സജ്ജമായ സ്ഥലമാണ് തെലുങ്കാനയെങ്കിൽ അവിടെ തന്നെ ചിത്രീകരിച്ചോളാനും മന്ത്രി അറിയിച്ചു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ലെന്നും അത് സർക്കാരിന്റെ തീരുമാനമാണെന്നും ടി.പി.ആർ അനുസരിച്ചായിരിക്കും അതിൽ തീരുമാനം എടുക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് നിയന്ത്രങ്ങൾ ഉള്ളതുകൊണ്ടുതന്നെ നേരത്തെ ആറോളം സിനിമകളുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് മാറ്റിയിരുന്നു.

നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവവാദിക്കാത്തതിനെ തുടർന്നായിരുന്നു ചിത്രീകരണം കേരളത്തിനു പുറത്തേക്ക് മാറ്റിയത്. തമിഴ്നാട്ടിലേക്കും തെലുങ്കാനയിലേക്കുമായാണ് മലയാള സിനിമയുടെ ചിത്രീകരണം മാറ്റിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും മാറ്റിയിട്ടുണ്ട്. ഇന്നലെ ഫെഫ്‌ക സർക്കാരിനോട് കേരളത്തിൽ തന്നെ മലയാള സിനിമ ചിത്രീകരിക്കാനുള്ള അനുവാദം തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. അതിനെ തുടർന്നാണ് മന്ത്രി സർക്കാരിന്റെ തീരുമാനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.