ഫ്രാൻ‌സിൽ വാക്സിൻ വിരുദ്ധരുടെ പ്രതിഷേധം ശക്തം

International News

ഫ്രാൻസ് സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി വാക്സിൻ വിരുദ്ധരുടെ പ്രക്ഷോഭം. പൊതുയിടങ്ങളിൽ പോകുന്നതിനു വാക്സിൻ സ്വീകരിച്ചതിന്റെയോ കോവിഡ് നെഗറ്റീവാണെന്ന് ഉള്ളതിന്റെയോ സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവിനെതിരായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.

ബുധനാഴ്ച രാവിലെ പാരിസില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുത്ത വാര്‍ഷിക മിലിട്ടറി പരേഡിനിടയായിരുന്നു പ്രതിഷേധം തുടങ്ങിയത്. ഇവർക്കുനേരെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും, ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. പിന്നീട് ടൗലോസ്, ബോര്‍ഡെക്സ്, മോണ്ട്പെല്ലിയര്‍, നാന്റ്സ് തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയായിരുന്നു.

സർട്ടിഫിക്കറ്റ് കാണിച്ചു പൊതുപരിപാടികളിലും പൊതുയിടങ്ങളിലും അനുമതി നൽകുന്നതിലൂടെ ഗവണ്മെന്റ് രാജ്യത്തെ ജനങ്ങളെ തരംതിരിക്കുകയാണെന്നാണ് പ്രതിഷേധക്കാർ വാദിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ മൗലികാവകാശത്തിനു എതിരാണെന്നും അവർ കുറ്റപ്പെടുത്തുന്നുണ്ട്. മാസ്ക്കുപോലും ഇടാതെയായിരുന്നു വലിയൊരു ശതമാനം പ്രതിഷേധക്കാരും നിരത്തിൽ ഇറങ്ങിയത്.

എന്നാൽ വാക്സിൻ എടുക്കുവാൻ എല്ലാവരെയും പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും, ആരെയും അടിച്ചേൽപ്പിക്കുന്നില്ല എന്നുമാണ് ഗവണ്മെന്റ് പറയുന്നത്. ഗവെർന്മെന്റ് കണക്കുപ്രകാരം ഫ്രാന്‍സില്‍ ജനസംഖ്യയുടെ പകുതി പേര്‍ ഇതിനോടകം വാക്സിനെടുത്തിട്ടുണ്ട്. ആദ്യം മുതലേ ഫ്രാന്‍സില്‍ വാക്സിനേഷനെക്കുറിച്ചു ജനങ്ങൾക്ക് സംശയമുണ്ടായിരുന്നു. 14 ശതമാനം പേര്‍ ഇപ്പോഴും വാക്സിൻ എടുക്കുന്നതിന് എതിരാണ്.