പ്രകടനങ്ങള്‍ക്ക് ഒരു മര്യാദയൊക്കെ വേണ്ടേ: കലക്ടര്‍ ബ്രോ പ്രശാന്ത്

Keralam News

പത്താം ക്ലാസ് വിജയത്തില്‍ അമിത ആഘോഷപ്രകടനങ്ങളില്‍ പ്രതികരണവുമായി കലക്ടര്‍ ബ്രോ പ്രശാന്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. പ്രകടനങ്ങള്‍ക്ക് ഒരു മര്യാദയൊക്കെ വേണ്ടേ എന്ന് തന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

എ പ്ലസ് പിന്നേയും ഇറങ്ങിയെന്നു കേട്ടു. അപ്പുറത്തെ വീട്ടിലെ മരണം അറിയാത്തപോലെ ഭാവിച്ച് സ്വന്തം വീട്ടില്‍ ബാന്റ് മേളം വയ്ക്കാതിരിക്കാനുള്ള മര്യാദ കാണിക്കണമെന്ന് അദ്ദേഹം പറയുന്നു. ജീവിത വിജയവുമായി ബന്ധമില്ലാത്ത, ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത പരീക്ഷയാണിതെന്നും ഗൗരവമുള്ള ഉന്നത പരീക്ഷകള്‍ ഇനിയും വരാനിരിക്കുന്നതെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനവും അവഗണനയും ആയി ഒരോരത്ത് മാറി നില്‍ക്കുന്ന കുട്ടികളുടെ മനസ് ആരും കാണാതെ പോകരുത് അവരും മിടുക്കനും മിടുക്കിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രകടനങ്ങള്‍ നടത്തുമ്പോള്‍ സമൂഹം ഒന്നടങ്കം സിസ്റ്റമാറ്റിക്കായി അവരെ തളര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു.