വിദ്യാഭാസത്തിനു മാത്രമായി ചാനൽ തുടങ്ങാനുള്ള നിർദേശവുമായി ബോംബെ ഹൈക്കോടതി

Education India News

ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്കായി കേന്ദ്ര സർക്കാരുമായി ആലോചിച്ച് വിദ്യാഭാസത്തിനു മാത്രമായി പ്രത്യേക ചാനൽ തുടങ്ങാനുള്ള നിർദേശം നൽകി ബോംബെ ഹൈക്കോടതി. ഉൾനാടൻ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ഇപ്പോഴും ഓൺലൈൻ ക്ലാസുകളിൽ ഹാജാരാകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നിർദേശം.

ഗ്രാമങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ പലരും മൊബൈൽ ഫോണുകൾ വാങ്ങാൻ പോലും കഴിയാത്തവരാണ്. ഇനി മൊബൈൽ ഫോണുകൾ ഉള്ളവർക്ക്‌ തന്നെ മോശം മൊബൈൽ നെറ്റ്‌വർക്ക് കണക്ഷൻ കാരണവും ക്ലാസ്സുകളിൽ പങ്കെടുക്കാനാവുന്നില്ലെന്നും തുടങ്ങി മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മകൾ കോടതി ചൂണ്ടി കാണിച്ചു. നാഗ്പൂർ, ഔറംഗബാദ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുമ്പോൾ തനിക്ക് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാറില്ലെന്നും ഇതിലും ദുരവസ്ഥയാണ് ഗ്രാമങ്ങളിലെന്നും ചീഫ് ജസ്റ്റിസ് ദത്ത അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനായി പ്രായോഗികമായ പരിഹാരങ്ങൾ നിർദേശിച്ചത്. മൊബൈലിനെ മാത്രം സംസ്ഥാന സർക്കാർ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും ഗ്രാമങ്ങളിൽ എല്ലാ വീടുകളിലും ടെലിവിഷൻ സെറ്റ് ഉള്ളതിനാൽ അതിലൂടെ വിദ്യാഭ്യാസം നൽകാമെന്നും കോടതി പറഞ്ഞു.വിനോദങ്ങള്‍ക്കും സിനിമയ്ക്കും സ്പോർട്സിനുമെല്ലാമായി നൂറു കണക്കിന് ചാനലുകള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസത്തിനായി മാത്രം ഒരു ചാനലും പോലുമില്ലെന്നും കോടതി എടുത്തുപറഞ്ഞു.

മൊബൈൽ ഫോൺ ഇല്ലാത്തതിന്റെ പേരിലോ നെറ്റ്‌വർക്ക് കണക്ഷന്റെ പ്രശ്‌നം കൊണ്ടോ ആർക്കും വിദ്യാഭ്യാസം നിഷേധിക്കരുതെന്നോ, ഇതിനു വേണ്ടി സർക്കാർ പരിഹാരങ്ങൾ കാണണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.