മോട്ടോർ വാഹന വകുപ്പിന്റെ വാഹനം ആംബുലൻസും ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകരുമായി.രജിത്തിന് ഇത് പുനർജന്മം.ദൈവത്തിന്റെ കരങ്ങളെത്തിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ രൂപത്തിൽ.

Local News

മലപ്പുറം: അർധരാത്രി റോഡിൽ രക്തം വാർന്ന് മരണാസന്നനായി കിടന്ന യുവാവിന് ദൈവത്തിന്റെ കരങ്ങളെത്തിയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ രൂപത്തിൽ. കഴിഞ്ഞ ദിവസം രാത്രി അരീക്കോട് മഞ്ചേരി റോഡിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിൽ പുല്ലാര സ്വദേശി പുതുപ്പറമ്പിൽ രജിത്ത് (25) എന്ന യുവാവിന്റെ ജീവനാണ് രക്ഷിക്കാനായത്. നൈറ്റ് പട്രോളിങ്ങിനിറങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാത്രി 11. 45 ന് അരീക്കോട് മഞ്ചേരി റോഡിൽ ചെങ്ങര വച്ച് ഹെഡ് ലൈറ്റ് തെളിയിച്ച ബൈക്ക് മറിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ ഉദ്യോഗസ്ഥർ പരിസരം പരിശോധിച്ചപ്പോൾ യുവാവ് ചോര വാർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ മോട്ടോർ വാഹന വകുപ്പിന്റെ തന്നെ വാഹനത്തിൽ ഉദ്യോഗസ്ഥർ യുവാവുമായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് പാഞ്ഞു. വാഹനത്തിൽ വച്ച് പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് പരിക്കുകൾ ഗുരുതരമായതിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്ക് നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിൽ ഇടിച്ചാവും അപകടം എന്നാണ് കരുതുന്നത്.
ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്ന മോട്ടോർവാഹനവകുപ്പ് എൻഫോസ്‌മെന്റ് വിഭാഗം അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷൂജ മാട്ടട, പി പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.