യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾ കൂടി നാട്ടിൽ മടങ്ങിയെത്തി

India International News

തിരുവനന്തപുരം: യുക്രെയിനിൽനിന്ന് 53 മലയാളി വിദ്യാർഥികൾ രാജ്യത്ത് തിരിച്ചെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്നലെ മടങ്ങിയെത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’എന്ന പേരിലെ രക്ഷാദൗത്യം വഴി രാജ്യത്തു തിരിച്ചെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി. ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലായാണ് 47 മലയാളി വിദ്യാർഥികൾ ഇന്നലെ ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. ഇവരിൽ 11 പേരെ കണ്ണൂർ വിമാനത്താവളം വഴിയും 20 പേരെ കൊച്ചി വിമാനത്താവളം വഴിയും 16 പേരെ തിരുവനന്തപുരം വിമാനത്താവളം വഴിയും നാട്ടിലെത്തിക്കുകയും ചെയ്തു.

രക്ഷാദൗത്യം തുടങ്ങിയ ദിവസം 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു. ഡൽഹി വിമാനത്താവളം വഴി ഇതുവരെ 152 മലയാളി വിദ്യാർഥികൾ മടങ്ങിയെത്തിയത്.

ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചു കേരളത്തിലേക്ക് എത്തിക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഓരോരുത്തരുടേയും സ്വദേശത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണു അയക്കുന്നത്. മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും നാട്ടിൽ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സർക്കാരാണു വഹിക്കുന്നത്.