സുരേഷ് കുമാറിന്റെ കസ്റ്റഡി മരണം ; പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് പുറത്ത് വരും

Crime Local News

തിരുവനന്തപുരം : പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷ് കുമാറിന്റെ പത്തോളജിക്കൽ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഹൃദയാഘാതത്തിന്റെ കാരണം മനസ്സിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തുന്നത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. മ‍ർദ്ദനമാണ് മരണത്തിന് കാരണമായതെന്ന റിപ്പോർട്ട് വന്നാൽ അന്വേഷണം സിബിഐക്ക് മാറുകയാണ് ചെയ്യുക.

എന്നാൽ സുരേഷിന്റെ മരണം കസ്റ്റഡി മരണമാണെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സബ് കളക്ടർ അന്വേഷണത്തിനും നിർദ്ദേശിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി ലഭിച്ചാൽ മാത്രം വിശദമായ അന്വേഷണം നടത്താമെന്നാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിലപാട്.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും സദാചാരം ചമഞ്ഞ് ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച സുരേഷ് ഇന്നലെ 11.30യോടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.