അവസാന വർഷ കോളേജ് വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നിർബന്ധം; യുജിസി

Education India News

ന്യൂഡൽഹി: അവസാന വർഷ കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധമായും ആഗസ്റ് 31 നുമുന്പ് പരീക്ഷകൾ നടത്തണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച യുജിസിയുടെ പുതിയ മാർഗ നിർദേശത്തിലാണ് ഇത് പറയുന്നത്.

ഒന്നും രണ്ടും വർഷക്കാർക്ക് പരീക്ഷ ഉണ്ടായിരിക്കില്ലയെന്നും യുജിസി വ്യക്തമാക്കുന്നുണ്ട്. 2021 -22 അധ്യയന വർഷത്തെ അക്കാദമിക കലണ്ടറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. ഇത് പ്രകാരം അടുത്ത വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനുള്ള കാര്യങ്ങൾ സെപ്റ്റംബർ 30 നുള്ളിൽ ചെയ്തുതീർക്കുകയും ഒക്ടോബർ ഒന്നിന് തന്നെ അക്കാദമിക് വര്ഷം തുടങ്ങുകയും ചെയ്യണമെന്ന് യുജിസി സെക്രട്ടറി രജനീഷ് ജെയിൻ കോളേജുകൾക്ക് നിർദേശം കൊടുത്തിട്ടുണ്ട്.

ഈ വർഷത്തെ സിബിഎസ്ഇ പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷാഫലം ജൂലൈ 31 മുൻപ് പ്രസിദ്ധീകരിക്കുമെന്നും യുജിസി ഉത്തരവിൽ പറയുന്നുണ്ട്.

സെപ്റ്റംബർ 30 നുള്ളിൽ ഒന്നാം വർഷ ബിരുദക്കാരുടെ പ്രവേശനം പൂർത്തീകരിച്ചാൽ ഒക്ടോബർ 31 നുള്ളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനവും തീർപ്പാക്കണം. അവസാന സെമസ്റ്റർക്കാരുടെ പരീക്ഷകൾ ഓഫ്‌ലൈൻ ആയോ ഓൺലൈൻ ആയോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താം. അതുപോലെ തന്നെ ക്ലാസ്സുകളും ഏത് രീതിയിലും നടത്താം. ലോക്ക്ടൗണിൽ സാമ്പത്തിക പ്രശ്‌നം കാരണം പ്രവേശനമെടുത്ത ഏതെങ്കിലും വിദ്യാർത്ഥികൾ ആഗസ്ററ് 31 നകം പഠനം നിർത്തുകയാണെങ്കിൽ ഫീസ് തിരികെ നൽകണം. തുടങ്ങിയ നിരവധി നിർദേശങ്ങളാണ് യുജിസി ഇറക്കിയിരിക്കുന്നത്.