ഫോണിനായി മന്ത്രിക്ക് കത്തെഴുതിയ ആറാംക്ലാസുകാരിക്ക് ഫോണുമായി ഡി.വൈ.എഫ്.ഐ

Keralam News Politics

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനായി മന്ത്രിക്ക് കത്തെഴുതിയ വിദ്യാര്‍ത്ഥിനിക്ക് ഡി. വൈ. എഫ്. ഐ. യുടെ ഫോണെത്തി .വേങ്ങര പാക്കടപ്പുറായ പി. എം .എസ്. എ. എം .യു .പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി നിഹാനയാണ് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ മുഹമ്മദ് റിയാസിന് കത്തെഴുതിയത്.കാസര്‍ഗോഡ് കുമ്പള സ്വദേശികളായ അഷറഫ് – ഷമീറ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവളാണ് നിഹാന.കൂലിപ്പണിക്കു പോകുന്ന പിതാവിന്റെ ഫോണ്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതാകട്ടെ രാത്രിയില്‍ ഇദ്ദേഹം വീട്ടിലെത്തിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ലഭിക്കൂ. വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവര്‍ക്ക് മിച്ചം വെക്കാന്‍ ഒന്നുമില്ലാത്തതിനാണ് നിഹാന മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചത്. കത്ത് കിട്ടിയ ഉടന്‍ തന്നെ മന്ത്രി മുഹമ്മദ് റിയാസ് , ഡി വൈ. എഫ്. ഐ .ജില്ലാ സെക്രട്ടറി പി. കെ മുബഷീറിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ഉപ്പയുടെ ഫോണില്‍ നിഹാനയെ വിളിച്ച്
സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്നു ശ്രമിക്കാമെന്നറിയിച്ചു.16 വര്‍ഷമായി വാടക വീട്ടിലാണ് താമസം. ഒരു സെന്റ് ഭൂമി പോലും സ്വന്തമായില്ല. അതോടൊപ്പം മൂന്നു തവണയാണ് നിഹാനക്ക് ഹൃദയശസ്ത്രക്രിയ ചെയ്ത്. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡി. വൈ. എഫ്. ഐ. കോട്ടക്കല്‍ ബ്ലോക്ക് കമ്മറ്റിയാണ് ഇവരുടെ വാടക വീട്ടിലെത്തി ഫോണ്‍ നല്‍കിയത്.ബ്ലോക്ക് പ്രസിഡന്റ് കെ .സുബ്രഹ്മണ്യന്‍, സെക്രട്ടറി ടി. പി. ഷമീം, വേങ്ങര മേഖല സെക്രട്ടറി ടി. കെ – നൗഷാദ്, എന്നിവര്‍ വീട്ടിലെത്തിയാണ് മൊബൈല്‍ ഫോണ്‍ കൈമാറിയത്.
വീടിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ പരിശോധിക്കാന്‍ കുട്ടിയുടെ അപേക്ഷയോടൊപ്പം മന്ത്രി മുഹമ്മദ് റിയാസ് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് കത്തും നല്‍കിയ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡി. വൈ. എഫ് .ഐ. നേതാക്കള്‍ കുട്ടിയെ അറിയിച്ചു. പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥിനിക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് മന്ത്രിയുടെ ഈ സഹായമെന്ന് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പ്രതികരിച്ചു.
പടം :മന്ത്രി മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം ഡി. വൈ. എഫ്. ഐ കോട്ടക്കല്‍ ബ്ലോക്ക് കമ്മറ്റി നിഹാനക്ക് ഫോണ്‍ കൈമാറുന്നു