കാലത്ത് എഴുന്നേറ്റ ഉടൻ ഒരുകപ്പ് ചായ വേണം ; അത്ഭുതമായി പൊലീസ് കുതിര

Entertainment International News

യൂ.കെ : ജെയ്ക്ക് എന്ന് വിളിപ്പേരുള്ള പൊലീസ് കുതിരയ്ക്ക് ഉണർവേകാൻ രാവിലെ ഒരു ഗ്ലാസ് ചായ വേണം. 20 വയസുള്ള ജെയ്ക്കിന് ഒരുദിവസം തുടങ്ങണമെങ്കിൽ രാവിലെ എഴുന്നേറ്റ ഉടൻ ഒരു മഗ് ചായ നിർബന്ധമാണ്.

15 വർഷമായി യുണൈറ്റഡ് കിംഗ്ഡത്തിലെ മെർസിസൈഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനമനുഷ്ഠിക്കുന്ന ജെയ്ക്ക് ഒരു ദിവസം ആകസ്മികമായി അല്പം ചായ കുടിക്കുകയും അതിന്റെ രുചിയിൽ വീഴുകയുമായിരുന്നു. പിന്നെപ്പിന്നെ അതില്ലാതെ പറ്റില്ല എന്ന അവസ്ഥയായി. ജെയ്ക്കിന്റെ ചായയോടുള്ള ഇഷ്ടം കണ്ട്, മെർസിസൈഡ് പൊലീസ് മൗണ്ടഡ് സെക്ഷനിലെ അംഗങ്ങൾ അവനും ഒരു പങ്ക് നൽകാൻ തുടങ്ങി. പാലും പഞ്ചസാരയും സമം ചേർത്ത് ഉണ്ടാക്കിയ നല്ല അസ്സൽ ചായയാണ് അവൻ എന്നും കാലത്ത് കുടിക്കുന്നത്. ലിവർപൂളിലെ അലെർട്ടണിലുള്ള തന്റെ കുതിരാലയത്തിൽ ചായക്കായി അവൻ എന്നും ക്ഷമയോടെ കാത്ത് നിൽക്കുന്നത് ചുറ്റുമുള്ളവർക്ക് രസകരമായ കാഴ്ചയാണ്.

വരാനിരിക്കുന്ന വർഷത്തിൽ, ജേക്ക് ജോലിയിൽ നിന്ന് വിരമിക്കുമെന്നും എന്നാലും കാലത്തുള്ള ചായ ഉപേക്ഷിക്കാൻ സാധ്യതയില്ലെന്നും മെർസിസൈഡ് പൊലീസ് മൗണ്ടഡ് സെക്ഷൻ മാനേജരും പരിശീലകനുമായ ലിൻഡ്‌സെ ഗവെൻ പറഞ്ഞു.