നിർമ്മാണം പൂർത്തിയായപ്പോൾ മുകളിലേക്ക് കോണിപ്പടികളില്ല ; വിചിത്രമായി ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കൽ ജിയുപി സ്‌കൂളിലെ പുതിയ കെട്ടിടം

Education Local News

കാളികാവ് : മുകൾ നിലയിലേക്ക് കോണിപ്പടികളില്ലാതെ മാളിയേക്കൽ ജിയുപി സ്‌കൂളിലെ പുതിയ കെട്ടിട നിർമ്മാണം. നാട്ടുകാർ സ്വരൂപിച്ച നാലു ലക്ഷവും പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചെലവഴിച്ചിട്ട് നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അനാസ്ഥ മൂലം വെറുതെ കിടക്കുന്നത്.

പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിൽ നിർമ്മിച്ച രണ്ട് ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റാനാണ് കോണിയില്ലാത്തത്. സ്‌കൂളിൽ ക്ലാസ് മുറികളില്ലാത്തതിനാൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചും കൈമാറിയ നാല് ലക്ഷം രൂപയാണ് വെള്ളത്തിലായത്. . അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും അടക്കം ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികൾ പണി കഴിപ്പിച്ച് ഒരു വർഷം കഴിഞ്ഞെങ്കിലും ഇതിന്റെ ഉൾഭാഗം ആരുമിതുവരെ കണ്ടിട്ടില്ല.

എസ്റ്റിമേറ്റിൽ കോണിയില്ലെന്നാണ് നിർമ്മാണം പൂർത്തിയാക്കിയ കരാറുകാരൻ പറയുന്നത് . അതേസമയം എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയർക്ക് ബോധമില്ലേയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ക്ലാസ്സുമുറികൾ ഉപയോഗപ്പെടുത്തുന്നതിനുമായി വാർഡ് മെമ്പർ സി എച്ച് നാസർ ഒരു വർഷമായി ഭരണ സമിതിയിൽ ആവശ്യങ്ങളുന്നയിച്ചു കൊണ്ടേ ഇരിക്കുകയാണ്. അതേസമയം നാട്ടുകാരിൽ പലർക്കും കെട്ടിട നിർമ്മാണം പൂർത്തിയായ വിവരം അറിയില്ല.